ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോട് പുലർത്തുന്ന ഇരട്ടത്താപ്പിനും നീതി നിഷേധത്തിനുമെതിരേ കത്തോലിക്ക അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അധ്യാപകരുടെ പ്രതിഷേധ മാർച്ചും ധർണ്ണയും 2025 ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാന്ധി സ്ക്വയറിൽ ആരംഭിച്ച് കോട്ടയം കലക്ടറേറ്റിനു മുന്നിൽ ധർണ്ണയോടെ നടക്കുകയാണ്.
2018 മുതൽസ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകർ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളിൽ ജോലി ചെയ്യുന്നു. കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തിപ്പെടുത്തുന്ന എയ്ഡഡ് മേഖലയെ പാടെ തകർക്കുന്ന സർക്കാർ നയത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ മുന്നറിയിപ്പ് സമരം.
ഭിന്നശേഷി സംവരണം ഞങ്ങളുടെ സ്കൂളുകളിൽ നടപ്പിലാക്കാൻ തയ്യാറാണെന്ന് ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ സർക്കാരിന് സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്. കോടതി വിധിയനുസരിച്ച് അത്തരത്തിലുള്ള മുഴുവൻ ഒഴിവുകളും മാനേജ്മെൻ്റ്കൾ ഒഴിച്ചിട്ടിട്ടുമുണ്ട്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി ലഭ്യമായ മുഴുവൻ പേരെയും നിയമിച്ച് കഴിഞ്ഞു.
വസ്തുത ഇതായിരിക്കെ, ഭിന്നശേഷി അധ്യാപകരെ പൂർണ്ണമായി നിയമിക്കാതെ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കില്ലയെന്നുള്ള പിടിവാശിക്ക് യാതൊരു അടിസ്ഥാനവുമില്ല. ഈ ശാഠ്യം സുപ്രീംകോടതിയിൽ ചോദ്യം ചെയ്ത എൻഎസ്എസ് മാനേജ്മെന്റിന്, സർക്കാർ അനുകൂല ഉത്തരവ് പുറപ്പെടുവിച്ച് നിയമനാംഗീകാരം നൽകുമ്പോൾ, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും ഈ വിധി ബാധകമാണ് എന്നുള്ള സുപ്രീംകോടതി ഉത്തരവും നാലു മാസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കണം എന്ന ഹൈക്കോടതി വിധികളും കാറ്റിൽ പറത്തുന്ന സർക്കാരിൻ്റെ നീതിനിഷേധത്തിനെതിരെ കോട്ടയത്തെ അഞ്ച് കത്തോലിക്കാ രൂപതാ മാനേജ്മെന്റുകളിലെ അധ്യാപകർ സംഘടിപ്പിക്കുന്നതാണ് ഈ അവകാശ സമരം.
സമരത്തിൽ ചങ്ങനാശ്ശേരി, പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ രൂപതകളിലെ നാലായിരത്തിലധികം വരുന്ന അധ്യാപകർ പങ്കെടുക്കും.
2018 മുതൽ 2021 വരെയുള്ള അധ്യാപക നിയമനങ്ങൾ സർക്കാർ താൽക്കാലികമായാണ് അംഗീകരിച്ചിരിക്കുന്നത്. 2021-ന് ശേഷം മാനേജ്മെന്റ് സ്കൂളുകളിലെ മുഴുവൻ നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തിലാണ്നടക്കുന്നത്. ഇതിനും പലവിധ സങ്കീർണ്ണ ഉത്തരവുകൾ പ്രതിസന്ധികൾ തീർക്കുന്നു.
ഇത്തരത്തിൽ ദിവസക്കൂലിക്കാരായി തരംതാഴ്ത്തപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് യോഗ്യരായ അധ്യാപകർക്ക് കേരള സർവ്വീസ് റൂളും ചട്ടവും പ്രകാരമുള്ള ഇൻക്രിമെന്റ്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങളോ, പ്രൊബേഷനോ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
മാത്രമല്ല ഇത്തരത്തിൽ തരംതാഴ്ത്തപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് നിയമാനുസൃതമായി ഉള്ള അവധി ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതം വഴിമുട്ടി, ശമ്പളം നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് അധ്യാപക ആത്മഹത്യകളും കേരളത്തിൽ സംഭവിക്കുന്നത്, ബന്ധപ്പെട്ടവർ കണ്ണ് തുറന്ന് കാണേണ്ടതുണ്ട്, എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമരം. രാഷ്ട്രത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന അധ്യാപക സമൂഹത്തെ ആത്മാഭിമാനത്തോടെ ജോലി ചെയ്യുവാൻ അനുവദിക്കാത്ത കേരള സർക്കാരിന്റെ തരംതാണ നിലപാടിനെതിരെ, കേരളത്തിലെ കത്തോലിക്ക അധ്യാപകരുടെ ശക്തി പ്രകടനത്തിന് കോട്ടയം ജില്ല ഈ ശനിയാഴ്ച സാക്ഷ്യം വഹിക്കും.
2025 സെപ്റ്റംബർ 26-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കേരളത്തിലെ 32 രൂപതകളിലെയും അധ്യാപകർ ചേർന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ സമരപ്രഖ്യാപനം നടത്തിയിട്ടുണ്ട്.
അധ്യാപകരുടെ ഈ പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും ചങ്ങനാശ്ശേരി, പാലാ, കോട്ടയം കാഞ്ഞിരപ്പള്ളി, വിജയപുരം, രൂപതകളിലെ കോർപ്പറേറ്റ് മാനേജർമാരും ഡയറക്ടർമാരും സംസ്ഥാന – രൂപതാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളും നേതൃത്വം നൽകും.
മനുഷ്യാവകാശ വിരുദ്ധമായി 17000 – ത്തോളം അധ്യാപകരുടെ നീതി നിഷേധിക്കുന്ന, പൊതുവിദ്യാഭ്യാസ മേഖലയുടെ അടിവേരറുക്കുന്ന സർക്കാർ നിലപാടിനെതിരെയുള്ള ഈ ധർമ്മസരത്തിന് കക്ഷിരാഷ്ട്രീയാതീതമായി എല്ലാ ജനനേതാക്കളുടെയും പൊതുസമൂഹത്തിൻ്റെയും മാധ്യമങ്ങളുടെയും പിന്തുണയും സഹായവും ഞങ്ങൾ അഭ്യർഥിക്കുന്നു.
ഫാ. ഡൊമിനിക് അയിലൂപറമ്പിൽ, ഫാ. ആൻ്റണി മൂലയിൽ, ഫാ. തോമസ് പുതിയകുന്നേൽ, ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ഫാ. ആൻ്റണി പാട്ടപ്പറമ്പിൽ
ബിജു വി.എം, വിൻസെൻ്റ് ജോർജ്, സുജി പുല്ലുകാട്ട്, ജോബി വർഗ്ഗീസ്, ഈശോ തോമസ്
(കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി , കോട്ടയം, പാലാ, വിജയപുരം രൂപതകളുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസീസ് ഓഫ് സ്കൂൾസ് മാനേജർമാർ & കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ്മാർ)
ടോം മാത്യു
പ്രസിഡൻ്റ്
(കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്) 6282795187
ഷൈനി കുര്യാക്കോസ്
സെക്രട്ടറി
(കെസിറ്റിജി )

