Spread the love

ആലപ്പുഴ: അതിവേ​ഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം.

കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം.

കെട്ടിട നിർമാണത്തൊഴിലാളിയായ സുധീഷ് തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പം പോയശേഷം മുഹമ്മയിലെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. തുടർന്ന് പഴവീട് ഭാഗത്ത് എത്തിയപ്പോൾ ബജ്ജിക്കടയിൽ ചായ കുടിക്കാൻ നിർത്തി. ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യ കടയിലേക്ക് കയറി ചായ വാങ്ങി ബൈക്കിനടുത്തേക്ക് കൊണ്ടുവന്നു. ബൈക്കിൽ ചാരിനിന്ന് ചായ കുടിക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുധീഷിൻ്റെ ഭാര്യ: സുജിമോൾ (സുജ). മക്കൾ: വരുൺദേവ്, വാമിക (രണ്ടരവയസ്സ്). മാതാവ്: ജാസ്മിൻ. സഹോദരൻ: സുമേഷ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.