കോട്ടയം: കന്യാസ്ത്രീകൾക്കെതിരെ ഛത്തിസ്ഗഢിൽ ഉൾപ്പെടെയുണ്ടായ ആക്രമണത്തിന്റെ മുറിവുണക്കി സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട് ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന് സംസ്ഥാന ബി.ജെ.പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനംചെയ്തത്.
ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ സിബിസിഐ സെക്രട്ടറി കാഞ്ഞിരപ്പള്ളി രുപതക്കാരനായ ഷെവലിയാർ വിസി സെബാസ്റ്റൃൻ ക്ലാസുമെടുത്തു. എല്ലാ ജില്ലകളിൽ നിന്നായി 150 പേർ പങ്കെടുത്തു.ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ‘എല്ലാ മലയാളികളെയും ഒരുമിച്ചുനിർത്തി ബി.ജെ.പിയുടെ വികസിത കേരളം എന്ന ആശയം അവരിൽ എത്തിക്കുകയാണ് ലക്ഷ്യ’മെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ യോഗം മാത്രമല്ല, യുവമോർച്ച, മഹിളാമോർച്ച യോഗങ്ങളും നടന്നെന്നും ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു. ശിൽപശാലയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിപ്പും നൽകി.
ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളുമുണ്ടാകരുതെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. സഭ നിർദേശിക്കാതെ വിശ്വാസികൾ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. അതിനാൽ ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപംനൽകണമെന്ന അഭിപ്രായവും ശിൽപശാലയിലുണ്ടായി.
ജില്ലകളിൽനിന്ന് അഞ്ചുവീതം ക്രൈസ്തവ നേതാക്കളെയാണ് പങ്കെടുപ്പിച്ചത്.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ്, വൈസ്പ്രസിഡന്റ് ഷോൺ ജോർജ് എന്നിവർക്കാണ് ഇതിന്റെ ചുമതലയുണ്ടായിരുന്നത്.പിസി ജോർജിനെ അടുപ്പിച്ചുമില്ല.വിവിധ ക്രൈസ്തവ സഭകളുമായി കാലങ്ങളായി അടുപ്പം കാത്തു സൂക്ഷിക്കുന്ന എൻ ഹരി,ബി രാധാകൃഷ്ണ മേനാൻ എന്നീ നേതാക്കളെയും മാറ്റി നിർത്തി ഷൊൺ ജോർജാണ് പരിപാടി ഹൈജാക്ക് ചെയ്തത്.കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിക്കാനുള്ള ഷോണിന്റെ പൂതിയാണ് ഇങ്ങനെ പുറത്തുവന്നത്.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബി.ജെ.പി മതാടിസ്ഥാനത്തിൽ യോഗം ചേർന്നതെന്ന് പാർട്ടിവൃത്തങ്ങൾ സമ്മതിക്കുന്നു. ചതയദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്കുള്ളിൽ പുകയുന്നതിനിടെയാണ് ക്രിസ്ത്യൻ നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചതെന്നതും ശ്രദ്ധേയം. ക്രൈസ്തവ സഭാവിശ്വാസികളെ ഒപ്പംനിർത്തിയാൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടത്താൻ ചില ക്രൈസ്തവ സഭാസംഘടനകളും തീരുമാനിച്ചിട്ടുണ്ട്. അവരുടെ പിന്തുണ ലഭ്യമാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ലക്ഷ്യമിടുന്നു. അതിനായി ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയോഗിച്ച ജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശൃത്തിലും ചർച്ചയുണ്ടായത് ക്രൈസ്തവ സഭകൾക്ക് ആഹ്ലാദം നൽകിയിട്ടുണ്ട്.

