ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. യുവാവിനെ ആഴത്തിലുള്ള മുറിവുകളോടെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പള്ളുരുത്തിയിൽ ആണ് സംഭവം. മരിച്ച യുവാവിന്റെ പെൺസുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിർത്തിയിട്ട ഇൻസുലേറ്റഡ് വാനിനകത്തെ മുൻസീറ്റിലാണ് ആഷിക്കിനെ കാണപ്പെട്ടത്. തനിക്ക് അപകടത്തിൽ പരുക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോൾ താൻ കാണുന്നത് കാലിൽ നിന്ന് രക്തം വമിക്കുന്നതാണെന്നും പെൺസുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
തുടർന്ന് നാട്ടുകാരും പെൺസുഹൃത്തും ചേർന്നാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അതേസമയം ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിൻ്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു.
കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയിൽ ഏറ്റിരുന്നത്. ആഷിഖിൻ്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ ഉന്നയിസിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അതേസമയം അന്വേഷണത്തിൽ പെൺസുഹൃത്തിന്റെ ഭർത്താവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺസുഹൃത്തിനെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ആഷിക്കിന് പെൺസുഹൃത്തുമായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം.

