Spread the love

കോട്ടയം: അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നു എന്നതിന്റെ പേരില്‍ ഇടുക്കിയിലെ കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. 2024 ജൂണ്‍ 7 വരെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഭേദഗതിയിലൂടെ ആനുകൂല്യം ലഭിക്കുമ്പോള്‍ അതിനുശേഷം നിര്‍മ്മിച്ചവ അനധികൃതമായി മാറും. സ്വാഭാവികമായും ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി വലിയ അഴിമതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

3000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് വലിയ തുകയാണ് പിഴയായി ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരിക്കല്‍ നികുതി അടച്ച് ലൈസന്‍സ് സ്വന്തമാക്കിയ മുഴുവന്‍ കെട്ടിടങ്ങളും വീണ്ടും പണം അടക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തും. ഇത് ഇടുക്കിയുടെ വ്യാപാര ടൂറിസം മേഖലയെ തകര്‍ക്കുന്നതാണ്. വലിയ രീതിയിലുള്ള പണപ്പിരിവിലാണ് ഇതിലൂടെ സിപിഎമ്മും സിപിഐയും ലക്ഷ്യം വെക്കുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഭേദഗതിയിലൂടെ പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിച്ചു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ 2016 ശേഷം ഈ പ്രതിസന്ധി ആരാണ് സൃഷ്ടിച്ചത് എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
സര്‍ക്കാരിന്റെ നിലപാടുകളാണ് ഇടുക്കിയിലെ ഈ പ്രതിസന്ധിക്ക് മുഖ്യകാരണം. സര്‍ക്കാരിന്റെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് തന്നെയാണ് ഇതിനടിസ്ഥാന കാരണം. വെള്ളത്തൂവല്‍ പഞ്ചായത്തില്‍ 2016-ല്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവന്ന പരാതിയാണ് ഇതിനെല്ലാം കാരണം. വിഷയത്തില്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേരള സര്‍ക്കാര്‍ സ്വീകരിച്ച കുടിയേറ്റകര്‍ഷക വിരുദ്ധ നിലപാടുകളാണ് ഇടുക്കിയിലെ ജനങ്ങളെ ഈ നിലയില്‍ എത്തിച്ചത്. ചട്ട ഭേദഗതിക്ക് ശേഷവും നിര്‍മ്മാണ നിയന്ത്രണം നിലനില്‍ക്കുകയാണ്. പട്ടയ വസ്തുവില്‍ കാലാനുസൃതമായ നിര്‍മ്മാണങ്ങള്‍ അനുവദിക്കുമെന്ന് ഭേദഗതി വരുത്തേണ്ടതിനുപകരം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റുകയാണ് ചെയ്തത്.

കേരളാ ഭൂപതിവ് നിയമത്തില്‍ 26.04.24 തീയതി ഉണ്ടായ ഭേദഗതി പ്രകാരം നിയമത്തിലെ ഏഴാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലെ ( ഒ എ), (ഒ ബി) വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.(ഒ എ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളും (ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളും ഉണ്ടാക്കിയാല്‍ മാത്രമേ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ( ഒ എ ) വ്യവസ്ഥ പ്രകാരം പതിച്ചു കൊടുത്ത ഭൂമിയില്‍ പട്ടയ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പിഴ ഈടാക്കി ക്രമവല്‍ക്കരിക്കുന്നതിനുള്ള ചട്ടങ്ങളും (ഒ ബി ) വ്യവസ്ഥ പ്രകാരം, പതിച്ചു നല്കപ്പെട്ട ഭൂമിയില്‍ കൃഷി -ഭവന ആവശ്യങ്ങള്‍ക്കല്ലാതെ ഇതര ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങള്‍ക്കായുള്ള ചട്ടങ്ങലൂമാണ് ഉണ്ടാക്കേണ്ടത്.ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യം ( ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങള്‍ നിലവില്‍ വരിക എന്നുള്ളതാണ്. (ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങള്‍ നിലവില്‍ വരാതെ മലയോര മേഖലയില്‍ നിലവിലുള്ള നിര്‍മ്മാണ നിരോധനം ഒഴിവാക്കാന്‍ കഴിയില്ല.

എന്നാല്‍ ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യം അനുവദിക്കാതെ ജനങ്ങളില്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. എന്നിട്ട് ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന വ്യാജ പ്രസ്താവനയാണ് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നടത്തിയിട്ടുള്ളത്.ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ 3 മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ ഉണ്ടാക്കുക എന്നതാണ് നിയമം. എന്നാല്‍ വര്‍ഷങ്ങളെടുത്തിട്ടും ജനങ്ങളുടെ ആവശ്യത്തിന് ഉപകരിക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കാതെ ജന ദ്രോഹ പരമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭ സമരപരിപാടികളുമായി ബിജെപി രംഗത്തിറങ്ങും.

വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ഷോണ്‍ ജോര്‍ജ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍,ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു , ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.