കോട്ടയം : ദേവസ്വം ബോർഡ് കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി എൻ വാസവൻ. ദേവസ്വം ബോർഡ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണ്. നിയമപരമായി അതിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ല.
ആഗോള അയ്യപ്പ സംഗമത്തിൽ കണക്കു പറയേണ്ടത് ദേവസ്വം ബോർഡ് ആണ്.
ദേവസ്വം ബോർഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകളിലും സർക്കാരിന് പങ്കില്ല.
നന്ദഗോവിന്ദം ഭജൻസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിരുന്നോ, പണം നൽകിയോ എന്നത് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ് ആണ്. പരിപാടിക്ക് മുന്നോടിയായ നടന്ന കലാപരിപാടിയിൽ ഗോവിന്ദത്തെ കണ്ടതായി ഓർക്കുന്നില്ല.ഒരു ഭജൻ നടന്നിരുന്നു.
ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദത്തിലെ എല്ലാ കാര്യങ്ങളും ദേവസ്വം ബോർഡ് വിശദീകരിച്ച് കണക്ക് ബോധ്യപ്പെടുത്തും.
അയ്യപ്പ സംഗമത്തിനായി മുൻകൂറായി എടുത്ത പണം തിരികെ സർക്കാരിലേക്ക് അടച്ചോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മാത്രമാണ്.
2025 ഒക്ടോബർ 17ന് മൂന്ന് കോടി രൂപ തിരികെ സർക്കാരിലേക്ക് അടച്ചതായി മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേവസ്വം ബോർഡ് നൽകിയ മറുപടിയാണ് താൻ നിയമസഭയെ അറിയിച്ചത്.
കലാപരിപാടികൾക്ക് അടക്കം പണം നൽകുന്നത് ദേവസ്വം ബോർഡ് ആയതിനാൽ തനിക്ക് ഈ കാര്യങ്ങൾ തിരക്കാറില്ല എന്നും മന്ത്രി ആവർത്തിച്ചു.
എന്നാൽ സംഗമം ആകെ നോക്കുമ്പോൾ വിജയമായിരുന്നുവെന്നും സംതൃപ്തി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

