മുംബൈ: പ്രശസ്ത പിന്നണി ഗായകൻ ഉദിത് നാരായണനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ രഞ്ജന രംഗത്ത്. ചികിത്സയുടെ മറവിൽ തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തെന്ന് ആരോപിച്ച് രഞ്ജന ബിഹാർ പോലീസിൽ പരാതി നൽകി. ഉദിത് നാരായണൻ, അദ്ദേഹത്തിന്റെ സഹോദരന്മാർ, രണ്ടാം ഭാര്യ ദീപ നാരായൺ എന്നിവരടക്കം നാലുപേർക്കെതിരെയാണ് കേസ്.
തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തു എന്നാരോപിച്ചാണ് ബിഹാറിലെ സുപോളിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ രഞ്ജന പരാതി നല്‍കിയത്. ഉദിത് നാരായണനെ കൂടാതെ അദ്ദേഹത്തിന്‍റെ രണ്ട് സഹോദരന്മാർ, രണ്ടാം ഭാര്യ എന്നിവർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ചികിത്സയ്ക്കിടെയാണ് താന്‍ ഈ സത്യം അറിഞ്ഞതെന്നും രഞ്ജന പരാതിയില്‍ പറയുന്നു.
രഞ്ജനയും ഉദിതും 1984 ഡിസംബറിലായിരുന്നു വിവാഹിതരായത്. പിന്നീട് 1985ൽ സംഗീത ജീവിതം തുടരാൻ ഉദിത് മുംബൈയിലേക്ക് താമസം മാറി. ദീപ നാരായണൻ എന്ന മറ്റൊരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും രഞ്ജന പറയുന്നു. 1996ൽ വൈദ്യചികിത്സയുടെ മറവിൽ ഡൽഹിയിലെ ഒരു ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയെന്നും, അവിടെ വെച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഗർഭപാത്രം നീക്കം ചെയ്തതെന്നതുമാണ് പരാതിയിൽ പറയുന്നത്

