Spread the love

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി ചേരുന്നു, റോഷിയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണം, പാര്‍ട്ടിയ്‌ക്കെതിരായ സിപിഎം ആരോപണം ഇവ ചര്‍ച്ചയായേക്കും

കോട്ടയം : മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ 27ന് ചേരുന്ന ഉന്നതാധികാര സമിതി യോഗം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി. പരാജയ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി ഇതിനു മുമ്പു ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം ക്രോസ് വോട്ട് ചെയ്തു എന്ന ആരോപണം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചതോടെ വിവാദമായി. സിപിഎം അതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. കേരള കോണ്‍ഗ്രസ് എം ക്രോസ് വോട്ട് ചെയതു എന്നായിരുന്നു സിപിഎം അഭിപ്രായപ്പെട്ടത്. പാര്‍ട്ടി യോഗത്തില്‍ ഈ അഭിപ്രായം ചര്‍ച്ചയായെങ്കിലും നേതാക്കള്‍ പരസ്യമായി പ്രതികരിച്ചില്ല. ഉന്നതാധികാര സമിതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സിപിഎം കേരള കോണ്‍ഗ്രസ് എം ബന്ധം പുതിയ ആരോപണങ്ങളോടെ ഉലഞ്ഞുവെന്നാണ് വിലയിരുത്തല്‍. 27ന് രാവിലെ 10.30 മുതല്‍ കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയിലാണ് യോഗം.

കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ അഴിമതിയും ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും നടന്നതായി ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിനെതിരെയുള്ള പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടറേറ്റില്‍നിന്നു നിര്‍ദേശം ലഭഇച്ചത്. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്‍കിയ പരാതിയിലാണു നടപടി. വിജിലന്‍സ് ആസ്ഥാനത്തു ലഭിച്ച പരാതിയില്‍ കഴമ്പുണ്ടോയെന്ന പരിശോധനയാണിത്

മലങ്കര ഡാമിലെ പദ്ധതിക്കു പുറമേ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട് എന്നീ ജലാശയങ്ങളില്‍ വിനോദഗ്രാമം പദ്ധതി, ചെറുതോണി ഡാമില്‍ വാട്ടര്‍ എക്‌സ്പീരിയന്‍സ് പാര്‍ക്ക് തുടങ്ങിയവ നടപ്പാക്കുന്നതിനും ഇതേ കമ്പനിക്കു തന്നെ കരാര്‍ ലഭിച്ചതായും പരാതിയില്‍ പറയുന്നു. അതേ സമയം അന്വേഷണത്തെ റോഷി സ്വാഗതം ചെയ്തു.
സര്‍ക്കാരിന് ഒരു പൈസ പോലും ചെലവില്ലാത്ത, പൊതുസ്വകാര്യ മാതൃകയിലുള്ള പദ്ധതിയാണിതെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു.