തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 7 പ്രതികൾ അറസ്റ്റിൽ. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്റെ മൊഴി. കൊല്ലെടാ എന്ന് ആക്രോശിച്ച് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്.
തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ നിന്നും മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്ടിക, വടി, എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനവും ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായി.
L01 DA 296, KL 22 S 8016 എന്നീ നമ്പർ പ്ലേറ്റുള്ള കാറിൻ്റെ ഇരുവശങ്ങളിലെയും ചില്ലുകൾ അടിച്ച് തകർത്തു. മുൻവശത്തെ ചില്ലുകൾ ഇഷ്ടിക കൊണ്ട് എറിഞ്ഞാണ് തകർത്തത്. പിന്നിലെ ചില്ലുകൾക്ക് പുറമേ റിവ്യു മിററും കൈകൊണ്ട് അടിച്ചു തകർത്തു. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയടക്കമുള്ളവർക്ക് പരിക്കേറ്റു. വാഹനത്തിൻ്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു.
തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഡ്രൈവര്‍ പരാതി നൽകി. സംഭവത്തിൽ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേ സമയം റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്ത് തുടങ്ങി. അക്രമികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പൊലീസ്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് കൈമാറിയിട്ടുള്ളത്. 10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാളയത്തെ പാർട്ടി ഓഫീസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയതോടെ സിപിഎം നേതാക്കള്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാട് മയപ്പെടുത്തിയാണ് പ്രതികളെ വിട്ടുനല്‍കിയത്.
പാളയത്തെ പാര്‍ട്ടി ഓഫീസിനുള്ളില്‍ പോലീസ് കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം മുതിര്‍ന്ന നേതാക്കൾ പ്രകടിപ്പിച്ചത്. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, ജോണ്‍ ബ്രിട്ടാസ് എംപി, ആനാവൂര്‍ നാഗപ്പന്, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ നേതാക്കള്‍ പാളയം ഓഫീസിന് മുന്നിൽ നിന്ന് പ്രതിരേധം തീർത്തു.പാര്‍ട്ടി ഓഫീസില്‍ പോലീസ് കയറില്ല, കയറണമെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ സാധിക്കൂ’ എന്ന് വി. ശിവന്‍കുട്ടി പോലീസിനോട് കയർത്തു.
ആക്രമണത്തിന് ഇരയായ ഇഡി ഉദ്യോഗസ്ഥര്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കനത്ത നിയമനടപടികള്‍ ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി തുടര്‍നടപടികള്‍ക്കായി പിന്നീട് മ്യൂസിയം പോലീസിന് കൈമാറും. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, മാരകായുധങ്ങളുമായി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ കടുത്ത ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. തലസ്ഥാനത്ത് ഇത്രയും വലിയൊരു റെയ്ഡ് നടക്കുമ്പോള്‍ സംഘര്‍ഷസാധ്യത മുന്‍കൂട്ടി കാണുന്നതിലും മതിയായ സുരക്ഷയൊരുക്കുന്നതിലും തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരക്കെ ആക്ഷേപമുണ്ട്.
പ്രകോപിതരായ വന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യാതൊരുവിധ മുന്‍കരുതലുമില്ലാതെ ഇഡിയുടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മിനിറ്റുകളോളം അക്രമികള്‍ക്ക് നടുവില്‍ ഭീതിയോടെ കഴിയേണ്ടി വന്നതും ആക്രമണത്തിന് ഇരയായതും.

