തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ഇനി ജ്വലിക്കുന്ന ഓര്മ. വി.എസ് എന്നാൽ അത് ചരിത്രമാണ്. കേരളത്തിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും ആണ് ഒരേ സമയം വി എസിനെ പാര്‍ട്ടിയിലെ പ്രിയങ്കരനും വേറിട്ടവനുമാക്കിയത്.
എസ്.യു.ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ എത്തിയത്. ‘അതീവ വൈകാരികരംഗങ്ങളാണ് ഇപ്പോൾ എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കണ്ടത്.
ഇവിടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.

