കോട്ടയം ജില്ലയിലെ വെള്ളൂരും എയിംസ് പരിഗണനാപട്ടികയില്‍. സാധ്യത പരിശോധിക്കാന്‍ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശം
വൈക്കം വെള്ളൂരില്‍ എയിംസ് സാധ്യത പരിശോധിക്കാന്‍ മന്ത്രി കെ മുരളീധരന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വെള്ളൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കണെമന്ന് ആവശ്യപ്പെട്ട് കെ ബിനിമോന്‍ എംഎല്‍എ നല്‍കിയ നിവേദന അടിസ്ഥാനത്തിലാണ് നിര്‍ദേശം.വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎല്‍) സ്ഥലമാണ് ഉള്‍പ്പെടുത്തിയത്.
692 ഏക്കറാണ് വെള്ളൂരില്‍ കെപിപിഎലിനുള്ളത്. ഇതില്‍ കേരള റബര്‍ ലിമിറ്റഡിനായി 164.82 ഏക്കര്‍ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കര്‍ സ്ഥലം ഇപ്പോള്‍ത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. 200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്. ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവില്‍ വെള്ളൂരിലുണ്ട്.ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ്. ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്.
പിറവം റോഡ് റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്താണു വെള്ളൂരിലെ കെപിപിഎല്‍ ഭൂമി. റോഡ് മാര്‍ഗം കോട്ടയം – എറണാകുളം റൂട്ടില്‍ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളില്‍ നിന്ന് 5 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളൂരില്‍ എത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റര്‍ ദൂരം. നേരേകടവ് – മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലയില്‍ നിന്നും ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പവഴി തുറക്കും.

