തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് സ്‌കൂള് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗുണപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
ഭിന്നശേഷി-അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ തയാറാകാത്ത ഇടത് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിക്ഷേധ കൂട്ടധര്‍ണയില്‍ പ്രസംഗിക്കകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനു് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ അനുകൂല നടപടികള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. പ്രതിക്ഷേധ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്തു. അധ്യാപക നിയമന പ്രശ്‌നത്തില്‍ വൈകാതെ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.
നിയമസഭയില്‍ എയ്ഡഡ് സ്‌കൂള്j അധ്യാപക നിയമന പ്രശ്‌നം സബ്മിഷനായി ആദ്യം കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നോട്ടീസ് നല്‍കിയതു പ്രകാരമാണ്. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് നിയമസഭയില്‍ വിശദമായ ചര്‍ച്ചക്ക് അവസരം ഉണ്ടാക്കിയപ്പോള്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റ് മന്ത്രിമാരും എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്.അധ്യാപക നിയമന പ്രശ്‌നത്തില്‍ ജനാധിപത്യ വിരുദ്ധവും വിവേചനപരവുമായ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് തിരുത്താന്‍ തയാറാകണം. ബന്ധപ്പെട്ട എല്ലാവരുമായി ആവശ്യമായ ചര്‍ച്ച നടത്താനും പ്രശ്‌ന പരിഹാരത്തിന് വഴി തെളിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
കേരളത്തിലെ 16000ത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ നാലുവര്‍ഷം ഇടവരുത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിനെതിരെ വിമോചന സമരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞ പ്രസ്താവന യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണ്. ”കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യമില്ലെന്ന്’ പറയുന്നതുപോലെയാണ് ജനങ്ങളാല്‍ വെറുക്കപ്പെട്ട ഇടതുമുന്നണിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ വിമോചന സമരത്തിന്റെ ആവശ്യമില്ലന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷം ഭരിച്ചു മുടിച്ച പിണറായി സര്‍ക്കാരിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ഭരണരംഗത്ത് നിന്ന് തൂത്തെറിയുമെന്ന് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണത്തില്‍ വൃക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്,എയ്ഡഡ് അധ്യാപക നിയമന പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള അവകാശ പത്രിക ധര്‍ണ സമരത്തില്‍ അവതരിപ്പിച്ചു. ഭിന്നശേഷി സംവരണ സീറ്റുകള്‍ മാറ്റിവച്ച ശേഷം മറ്റു തസ്തികകളില്‍ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാന്‍ സുപ്രീംകോടതി വിധി ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ നടപടിക്ക് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ സീറ്റുകളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നടത്തുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണം. സുപ്രീംകോടതി നിര്‍ദ്ദേശിച്ച സംവരണ മാനദണ്ഡം പാലിച്ചുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് അധ്യാപക നിയമനം നല്‍കുന്നതിന് എല്ലാ മാനേജ്‌മെന്റുകളും സന്നദ്ധരാണെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കാന്‍ തയാറാകണം. 2021 മുതല്‍ നിയമനം കാത്തിരിക്കുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട ഭിന്നശേഷിക്കാര്‍ക്കും എത്രയുംവേഗം നിയമനം നല്‍കണമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ .പി.സി. തോമസ് അധ്യക്ഷത വഹിച്ച കൂട്ടധര്‍ണയില്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ.ജോയ് എബ്രഹാം,ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി എന്നിവര്‍ പ്രസംഗിച്ചു.

