ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാരുടെ പ്രതിഷേധം ദില്ലിയിൽ ശക്തമായി. ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യ എംപിമാർ നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പാർലമെന്റ് വളപ്പിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറിയ രാഹുൽ ആകാശവാണി കവാടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക അടക്കമുള്ള നേതാക്കളും ഒപ്പമുണ്ട്. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രഖ്യാപനം.

