തിരുവനന്തപുരം : എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയും സിപിഐയും തമ്മിലുളള വാഗ്വാദം കൊഴുക്കുന്നതിനിടെ വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനെതിരെ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൊപ്പി ആയിരംവട്ടം ഇണങ്ങുന്നതു വെള്ളാപ്പള്ളി നടേശന്റെ തലയ്ക്കാണ്. ”കണ്ടാല്‍ ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുമെന്നല്ലാതെ വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റില്ലെന്ന” ബിനോയ് പറഞ്ഞു.എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തിനും പാര്‍ട്ടികള്‍ക്കും മാര്‍ക്കിടാനുള്ള ചുമതലയൊന്നും ആരും വെള്ളാപ്പള്ളിയെ ഏല്‍പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനമുണ്ടായില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയായ തനിക്കെതിരേയടക്കം വിമര്‍ശനമുണ്ടായി. ജനവിധി തലതാഴ്ത്തി അംഗീകരിക്കുകയും തെറ്റുകണ്ടാല്‍ തിരുത്തുകയും വേണം. ഈ ജനവിധി മുന്നറിയിപ്പാണ്. തെറ്റുതിരുത്തി മുന്നണി തിരിച്ചുവരും. ഇടതുസര്‍ക്കാരിന്റെ മൂന്നാമൂഴം ഉറപ്പാണ് -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ എന്താണ് തെറ്റ്
മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ എന്താണ് തെറ്റെന്നും താന്‍ അയിത്തജാതിക്കാരനാണോയെന്നും വെള്ളാപ്പള്ളി നടേശന്‍. 10 വര്‍ഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ ചതിയന്‍ ചന്തുമാരാണ് -വെള്ളാപ്പള്ളി ശിവഗിരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇനിയും അതുപറയാന്‍ തയ്യാറാണെ’ന്നും മുഷ്ടിചുരുട്ടി അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഇവിടെ വര്‍ഗീയകലാപമുണ്ടായോ? കലാപം ഇനിയുമുണ്ടാകണോ? ശബരിമലയില്‍ കൊള്ള നടത്തിയവര്‍ ആരായാലും പിടിക്കപ്പെടണം.

