കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഭർത്താവ്. യുവതി കടുത്ത ശാരീരിക-മാനസിക ആഘാതത്തിലാണെന്നും ആരെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നും ഭർത്താവ് വെളിപ്പെടുത്തി.
ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നൽകിയ പരസ്യം കണ്ടാണ് യുവതി സ്പാ ജോലിക്കായി പ്രതികളെ സമീപിക്കുന്നത്. തുടർന്ന് ഇന്റർവ്യൂവിന് ശേഷം താൻ സെലക്ട് ആയി എന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച യുവതിക്ക് ഐസ് ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം.
ലഹരിയുടെ സ്വാധീനത്തിൽ അബോധാവസ്ഥയിലായ യുവതിയെ രാത്രി മുഴുവൻ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പ്രതികൾ മാറിമാറി മൃഗീയമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം ഭാഗികമായി തിരിച്ചുകിട്ടിയപ്പോഴാണ് താൻ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം യുവതി തിരിച്ചറിയുന്നത്. അതേസമയം പീഡനത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെന്നും ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.
തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡനത്തിൽ പങ്കാളികളായ സംഘത്തിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇര വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾ സ്ത്രീയാണോ അതോ ബൈസെക്ഷ്വൽ സ്വഭാവമുള്ള മറ്റ് വ്യക്തികളാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വനിതാ മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും സാന്നിധ്യത്തിൽ വിശദമായ രഹസ്യമൊഴി രേഖപ്പെടുത്തും.
പ്രതികൾ യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതായി ആരോപണമുണ്ട്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ എരിക്കാവ് സ്വദേശി ശ്രീരാജ് (30), തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രൂരമായ അതിക്രമത്തിൽ പങ്കാളികളായ രണ്ടുപേരെ പോലീസ് സംഘം അതിവേഗം വലയിലാക്കിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഔദ്യോഗികമായി അറിയിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് എസ്.ആർ നിവാസിൽ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ക്രൂരമായ ലൈംഗികാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ തുടരുകയാണ്.

