Spread the love

അമ്രേലി : ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം 40-കാരനായ സൈറ്റ് സൂപ്പർവൈസർ ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കിഷോർ ധനക് ആണ് മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ബുധനാഴ്ച വീട്ടിൽ മകളോടൊപ്പം കഴിയുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയായിരുന്നു.

മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ കിഷോർ ധനക് സീലിങ് ഫാനിൽ തൂങ്ങിമരിച്ചതായാണ് പോലീസ് പറയുന്നത്. പിന്നീട് കിടക്കയിൽനിന്ന് ഇയാൾ എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തി.

കുട്ടിയെ വെള്ള വസ്ത്രങ്ങൾ ധരിപ്പിച്ച്, ചുണ്ടുകളിൽ തുളസിയില വെച്ച്, തലയിൽ ദുപ്പട്ട ധരിപ്പിച്ച നിലയിലായിരുന്നു ഫ്രിഡ്ജിനുള്ളിൽ മൃതദേഹം വച്ചിരുന്നത്. കൂടാതെ ചോക്ലേറ്റുകളും ഫ്രിഡ്ജിനുള്ളിൽ ക്രമീകരിച്ചിരുന്നു. കുട്ടിയുടെ ജന്മദിനമല്ലായിരുന്നിട്ടും ഫ്രിഡ്ജിന് മുകളിൽ “ഹാപ്പി ബർത്ത്‌ഡേ ഹിമാൻഷി” എന്ന് എഴുതിയ പേപ്പർ ഉണ്ടായിരുന്നു.

സെപ്റ്റംബർ 14-ന് സ്വന്തം വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ മഞ്ജുബെൻ, ഭർത്താവിനെ ഫോണിൽ കിട്ടാതെ വന്നതോടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ബന്ധുവെത്തി പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കിഷോറിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബലൂണുകളും മെഴുകുതിരികളും കൊണ്ട് അലങ്കരിച്ച മുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവനൊടുക്കാനുള്ള കാരണങ്ങളും കുറിപ്പുകളിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.