സെൽഹെറ്റ് : ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ രൂക്ഷമായ സംഘർഷം. ബംഗ്ലാദേശിലെ സെൽഹെറ്റിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് രണ്ട് യാത്രക്കാർ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചത്.
സെപ്റ്റംബർ 16നായിരുന്നു സംഭവം. വിമാനം പറന്നുയർന്നതിന് പിന്നാലെ നിസ്സാര വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം അധികം വൈകാതെ പരസ്പരം മർദിക്കുന്ന നിലയിലേക്ക് എത്തുകയായിരുന്നു. സംഘർഷത്തിനിടെ ഒരാളുടെ ടി-ഷർട്ട് കീറിപ്പോയി.
വിമാനത്തിനുള്ളിലെ ബഹളവും മർദനവും കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. കുട്ടികളടക്കമുള്ളവർ ഭയന്ന് നിലവിളിച്ചതോടെ സാഹചര്യം കൂടുതൽ ആശങ്കാജനകമായി.
സംഘർഷം നിയന്ത്രണാതീതമായതോടെ ക്യാബിൻ ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ഇടപെട്ടാണ് ഇരുവരെയും വേർപെടുത്തിയത്. വിമാനത്തിനുള്ളിൽ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

