Spread the love

നിസാമാബാദ്: തന്റെ സഹോദരി കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി യുവാവ്. തെലങ്കാനയിലെ നിസാമാബാദിൽ ആണ് ഞെട്ടിക്കുന്ന സംഭവം. യൂട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് ചിത്താരി ഹരിബാബു (26) എന്നയാളെയാണ് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. റോഡരികിലെ ഭക്ഷണശാലയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മൂന്നോ നാലോ പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഘത്തിലൊരാൾ കാറിൽനിന്ന് ഇറങ്ങി ഹരിബാബുവിനെ പിന്തുടർന്നശേഷം തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും വെട്ടിയെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എസിപി പറഞ്ഞത്.

ഗുരുതരമായി പരിക്കേറ്റ ഹരിബാബു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം നിസാമാബാദ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഈ വർഷം മാർച്ച് 17നാണ് ജഗ്തിയാൽ ജില്ലയിലെ വീട്ടിൽ വൈഷ്ണവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണസമയത്ത് നാലുമാസം ഗർഭിണിയായിരുന്നു.

അതേസമയം തന്റെ സഹോദരിയുടെ ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്നും നിയമം നീതി നടപ്പാക്കാത്തതിനാലാണ് താൻ ഈ കടുംകൈ ചെയ്തതെന്നും ഏറ്റുപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വൈഷ്ണവി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് പോലീസ് ഹരിബാബുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. അറസ്റ്റിലായ ഇയാൾക്ക് ജൂലൈയിലാണ് ജാമ്യം ലഭിച്ചത്.

സഹോദരിയെ കൊലപ്പെടുത്തിയയാൾക്കെതിരെ നിയമനടപടി ഉണ്ടാകാത്തതിനാലാണ് താൻ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് വീഡിയോയിൽ സന്തോഷ് പറയുന്നത്. ഉടൻ പൊലീസിൽ കീഴടങ്ങുമെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

മറ്റൊരു ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെ നിസാമാബാദിൽവച്ച് ഹരിബാബുവിനെ യാദൃശ്ചികമായി കാണുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞതോടെ വാഹനത്തിൽനിന്നിറങ്ങി ആക്രമിച്ചെന്നുമാണ് സന്തോഷിന്റെ വാദം. സ്വന്തം സുരക്ഷയ്ക്കായി കരുതിയിരുന്ന ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

തനിക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നും കേസിൽ വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണമെന്നും വീഡിയോയിലൂടെ സന്തോഷ് അഭ്യർഥിക്കുന്നുണ്ട്.