Spread the love

കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വൃദ്ധൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടിയിൽ സൈതലവി (70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കലോത്സവം നടക്കുന്ന കോതങ്കൽ ഹൈസ്‌കൂളിൽ നിന്നാണ് മൂന്ന് കുട്ടികൾ ബൈക്കോടിച്ചെത്തിയത്. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

 

ഇടിയുടെ ആഘാതത്തിൽ വൃദ്ധൻ ഏറെദൂരം തെറിച്ചുപോയി. തുടർന്ന് വിദ്യാർത്ഥികൾ ബൈക്ക് നിർത്താതെ കടന്നുകളഞ്ഞു. മൂന്നുപേരിൽ ഒരാൾക്ക് അപകടസമയം റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റൽക്കുകയും ചെയ്‌തു. ഈ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിനെയും മറ്റ് രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.