Spread the love

20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറി. നഗോയയിലെ പലോം മിസൂബോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടത്തിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി.

 

മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ പതാകയേന്തി നയിച്ചത് പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡലിസ്റ്റായ വനിതാ ഷൂട്ടർ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്നാണ്. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ സ്വർണം നേടിയ പുരുഷ അത്‌ലറ്റ് തജീന്ദർ പാൽ ടൂറിനെ ആയിരുന്നു പാതകവാഹകനായി ആദ്യം ചുമതലപ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തിന് സെറിമോണിയൽ കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പവനെ പതാകവാഹകനായി പകരം നിയോഗിക്കുകയായിരുന്നു. 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 ഇന്ത്യൻ താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.