ദിലീപും നാദിർഷയും ഒന്നിച്ചെത്തിയ വേദിയിലെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഴയകാല ഓർമകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോയ പരിപാടിയായിരുന്നു ഇത്. മിമിക്രിയും പാട്ടും തമാശകളുമൊക്കെയായി നിറഞ്ഞ വേദിയിൽ പഴയ ദിലീപിന്റെ അതേ ഊർജം വീണ്ടും കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ. ഇതിനിടെയാണ് ആഘോഷത്തിന് ഇരട്ടി മധുരം പകർന്ന് ദിലീപിനൊപ്പം മകൾ മീനാക്ഷിയും വേദിയിലെത്തിയ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നത്.
നാദിർഷ, രഞ്ജിനി ജോസ് തുടങ്ങിയവർക്കൊപ്പം ദിലീപ് പാട്ടുപാടുന്നതിനിടെയാണ് മീനാക്ഷി വേദിയിലേക്ക് എത്തിയത്. മോഹൻലാൽ ചിത്രത്തിലെ ‘ദാംകിണക്ക തെയ്യം തെയ്യം’ എന്ന ഗാനത്തിനൊപ്പം വേദിയും സദസ്സും ആവേശത്തിലാകുന്നതിനിടെയായിരുന്നു മകളുടെ അപ്രതീക്ഷിത എൻട്രി.
മഞ്ഞ ഷർട്ടണിഞ്ഞ് പാട്ടും നൃത്തവുമായി നിറഞ്ഞുനിൽക്കുകയായിരുന്നു ദിലീപ്. സമാനമായ മഞ്ഞ നിറത്തിലുള്ള ചുരിദാറിലായിരുന്നു മീനാക്ഷിയും. സദസ്സിനിടയിൽ നിന്നിരുന്ന മകളെ ദിലീപ് ചേർത്തുപിടിച്ച് വേദിയുടെ മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് തന്റെ ആവേശം മകളിലേക്കും പകരുന്ന തരത്തിൽ ദിലീപ് നൃത്തം തുടർന്നു.
അച്ഛന്റെ ആവേശത്തിനൊപ്പം ചുവടുവച്ച് മീനാക്ഷിയും ഒപ്പം കൂടുകയായിരുന്നു. സാധാരണ ഇത്തരം പൊതുപരിപാടികളിൽ അധികം സജീവമായി പങ്കെടുക്കാത്ത മീനാക്ഷിയുടെ ഈ പ്രകടനം തന്നെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
അച്ഛനൊപ്പം പരിപാടികളിൽ എത്തിയാലും പലപ്പോഴും മാറിനിന്ന് കാണുന്ന മീനാക്ഷിയെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ ഇത്തവണ വേദിയിൽ അച്ഛനൊപ്പം പൂർണ ആവേശത്തോടെ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ദിലീപിനെ ഇത്ര സന്തോഷത്തോടെ കാണാനായെന്ന തരത്തിലുള്ള പ്രതികരണങ്ങളും ആരാധകരിൽ നിന്നുയരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത മീനാക്ഷി ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളുമായി എത്താറുണ്ട്. കഴിഞ്ഞ ദിവസം നടി നമിത പ്രമോദിന്റെ സാരി ബിസിനസിന്റെ മോഡലായും മീനാക്ഷി എത്തിയിരുന്നു. സാരിയണിഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഇപ്പോൾ അച്ഛനൊപ്പം വേദിയിൽ ചുവടുവയ്ക്കുന്ന വീഡിയോയും വൈറലായിരിക്കുന്നത്.

