Spread the love

നടി മഞ്ജു വാര്യർ തടവിൽ കഴിയുകയാണെന്ന ആരോപണം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരിഹാസവുമായി മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ.

മഞ്ജുവിനെ തടവിലാക്കിയിരിക്കുകയാണെന്ന ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മധു വാര്യരുടെ പരിഹാസക്കുറിപ്പ്. താനും അമ്മയും ചേർന്ന് ‘തടവിൽ കഴിയുന്ന’ മഞ്ജുവിനെ കാണാനായി പോയതായും അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെയാണ് അവിടെ കണ്ടതെന്നാണ് മധു വാര്യരുടെ പരിഹാസ പരാമർശം. തടവിലായതിനാൽ മഞ്ജുവിന്റെ വാചകമടിക്ക് അൽപമെങ്കിലും കുറവുണ്ടാകുമെന്നാണ് കരുതിയതെന്നും എന്നാൽ ആ പ്രതീക്ഷയും ഉടൻ തന്നെ തെറ്റിയെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

തുടർന്ന് ഗൺപോയിന്റിൽ ഇരുന്നുകൊണ്ടുതന്നെ മഞ്ജു എല്ലാവർക്കുമായി ഭക്ഷണം ഓർഡർ ചെയ്തുവെന്നും മധു വാര്യർ പരിഹാസരൂപേണ കുറിച്ചു.

മഞ്ജു വാര്യരെ തടവിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെയാണ് മധു വാര്യരുടെ കുറിപ്പ് പരോക്ഷമായി പരിഹസിക്കുന്നത്.

മധു വാര്യരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:

അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു. മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി. അവിടെ ചെന്നപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, അനു ഞെട്ടി, ആവണി ഞെട്ടി, ഞാൻ ഞെട്ടി, ബാൽക്കണിയിൽ ഇരിക്കുന്ന പ്രാവിലേക്ക് ശ്രദ്ധ പോയത് കൊണ്ട് ഒരു പത്ത് സെക്കന്റ് ഡിലേ കഴിഞ്ഞ് കൊക്കോയും ഞെട്ടൽ രേഖപ്പെടുത്തി. അങ്ങനെ ഞെട്ടൽ മഹാമഹം കഴിഞ്ഞു എന്നുറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ ബാക്കി കാര്യപരിപാടിയിലേക്ക് കടന്നു. മഞ്ജു പുതിയതായി വാങ്ങിയ ഡ്രെസ്സുകൾ എടുത്ത് കൊണ്ട് വന്ന് നിരത്തി അതിന്റെ ഡിസ്കഷൻസിലേക്ക് കടന്നു.

തടവിൽ ഇരിക്കുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അത് കഴിഞ്ഞ് ഗൺപോയിന്റിലുള്ള മഞ്ജു എല്ലാവർക്കും ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസും, നൂഡിൽസും, ഹണി ഗ്ലേസ്ഡ് ചിക്കനും, സാൾട്ട് പെപ്പർ കോട്ടേജ് ചീസും ഓർഡർ ചെയ്തു. ഭക്ഷണശേഷം ഇറങ്ങാൻ നേരം രണ്ട് ദിവസം കഴിഞ്ഞേ വരുന്നുള്ളൂ എന്ന് അമ്മ പറഞ്ഞു. കഥകളി ക്ലാസ്സിന്റേയും യോഗാ ക്ലാസ്സിന്റേയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിന്റെ കൂടെ തടവിൽ കഴിയാൻ പോകുകയാണ് പോലും. അപ്പൊ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും.