മുഖ്യമന്ത്രിയെയും ബിജെപിക്കും എതിരെ എന്‍എസ്എസ് തെരുവിലിറങ്ങുമ്പോള്‍, പിന്നില്‍ ആര്, സമുദായ ലക്ഷ്യമോ രാഷ്ട്രീയ ലക്ഷ്യമോ..അതോ സിഎംനെതിരെ വിമോചന സമര നീക്കമോ.
വിഡി സതീശനും ബിജെപിക്കുമെതിരായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തെരുവു പ്രകടനത്തിന്റെ ലക്ഷ്യമെന്ത്. വിമോചന സമരമോ. സതീശനെതിരെ എന്‍എസ്എസ് സമീപകാലത്ത് സ്വീകരിച്ചുവന്ന നിലപാട് കടുപ്പിച്ചത് മുഖ്യമന്ത്രി പദത്തിലേക്ക് ഏറെക്കുറെ പേരു തീരുമാനമായതോടെയാണ്. സതീശന്‍ മുഖ്യമന്ത്രി പദത്തിന് അര്‍ഹനല്ല എന്ന നിലപാടിലായിരുന്നു എന്‍എസ്എസും എസ്എന്‍ഡിപിയും. എന്നാല്‍ വെള്ളാപ്പള്ളി പിന്നീട് നിലപാട് മയപ്പെടുത്തി. എന്നാല്‍ സുകുമാരന്‍ നായര്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്തില്ല. ഒടുവില്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞ് നിശിത വിമര്‍ശനം തന്നെ നടത്തി.
കേരളത്തില്‍ യുഡിഎഫ് ഭരണം തന്നെ അസാധ്യമാണെന്ന് കരുതിയ ദിനങ്ങളില്‍ നിന്നാണ് 102 സീറ്റ് എന്ന സ്വപ്‌ന വിജയത്തിലേക്ക് വി.ഡി സതീശന്റെ നേതൃത്വത്തിലുളള മുന്നണിയൂടെ ആദ്യ വെല്ലുവിളി പാര്‍ട്ടിയില്‍ നിന്നായിരുന്നു. മുഖ്യമന്ത്രി പദത്തിനായുളള മത്സരം, മാരത്തണ്‍ ചര്‍ച്ചകള്‍. അതിനിടയിലാണ് സുകുമാരന്‍ നായര്‍ തന്റെ സതീശ വിരോധം വീണ്ടും പരസ്യമാക്കിയത്. സതീശന്‍ മുഖ്യമന്ത്രിയായതോടെ പാളയത്തില്‍ പട തുടങ്ങി. വിഴിഞ്ഞം വിവാദമായിരുന്നു ആദ്യം. അതിനുശേഷം തുടര്‍ച്ചയായി വിവാദങ്ങള്‍. എല്ലാം മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കുന്നവ. അതിനിടെ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗവും സതീശനെതിരെ രംഗത്തു വന്നു. മന്ത്രിസ്ഥാനത്തിന് മൂന്നുകോടി ആവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തുനിന്നെത്തിയ വ്യാജ ഫോണ്‍ വരെ നീളുന്ന വിവാദങ്ങള്‍. തൊട്ടതെല്ലാം വിവാദമാകുന്ന അവസ്ഥ.
കെ. കരുണാകരനെതിരെ തുടങ്ങിയ കൊട്ടാരവിപ്‌ളവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദം കത്തിപടരുമ്പോള്‍ നിശബ്ദനായിരുന്നു പെരുന്ന. അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോഴും പെരുന്ന ഉരിയാടിയില്ല. അന്വേഷണം വൈകുന്നതില്‍ ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നത് മന്ത്രി കെ. മുരളീധരനാണ്. അപ്പോഴും നാമജപഘോഷയാത്ര നടത്തിയ നായര്‍ക്ക് കുലുക്കമില്ല. അതേ സമയം വിഡി സതീശനും ബിജെപിക്കും എതിരെ എന്‍എസ്എസ് തെരുവിലിറങ്ങുകയും ചെയ്തു. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പെരുന്നയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി കടന്നുപോയിട്ടും മൈന്‍ഡ് ചെയ്യാത്ത സുകുമാരന്‍ നായരുടെ സമീപനത്തെ രാജ്യത്തിന്റെ ഉപരാഷ്ടപതി പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇത് സ്വതന്ത്ര ഇന്ത്യയില്‍ തന്നെ ആദ്യമാണ്.
തലസ്ഥാനത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം.പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് വലിയ പ്രകടനമാണ് സംഘടിപ്പിച്ചത്.
ഡല്‍ഹി എന്‍എസ്എസ് യൂണിയന്റെ പരിപാടിക്കിടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സുരേഷ് ഗോപിയും സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐക്യദാര്‍ഢ്യ പ്രകടനം.മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് സമയമനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍എസ്എസ് വൈസ് പ്രസിഡന്റുമായ എം. സംഗീത് കുമാറാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഏതെങ്കിലും ഒരു സംഘടനയ്‌ക്കോ നേതാവിനോ എതിരായല്ല മുദ്രാവാക്യമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
അതേസമയം അനാരോഗ്യത്തില്‍ കഴിയുന്ന എന്‍എസ്എസില്‍ നേതൃമാറ്റത്തിനുളള അണിയറ നീക്കം നടക്കുന്നതായി സൂചനയുണ്ട്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ അധ്യക്ഷസ്ഥാനത്തുളള മകനെ പിന്തുടര്‍ച്ചക്കാരനാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കെ.ബി ഗണേഷ് കുമാറിനെ പുറത്താക്കിയതെന്ന് സംസാരമുണ്ട്. സതീശനെതിരെയുളള നീക്കത്തിന് പിന്നില്‍ ചരടുവലികള്‍ രാഷ്ട്രീയ ലോകം കാണുന്നു. ഈ വിവാദത്തിനിടെ പെരുന്നയില്‍ അധികാര മാറ്റത്തിന് കളം ഒരുങ്ങുമോ എന്നാണ് അറിയാനുളളത്.

