Spread the love

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍, വജ്രാഭരണം കാണാതായിട്ട് ആറുമാസം, ക്ഷേത്ര സുരക്ഷ എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായ സംഭവത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വിവാദം ചൂടുപിടിക്കുന്നു.കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡി ജി പിയുടെ റിപ്പോര്‍ട്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് അടുപ്പക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരാണെന്നും ഇവര്‍ ആദിത്യവര്‍മയുടെ അടുപ്പക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈരനാമം’ പുറത്ത് കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നടപടി രേഖകളില്ല.

ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച സ്വര്‍ണം നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 78 ഗ്രാം സ്വര്‍ണമാണ് നഷ്ടമായതെന്നും ഇതില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ഷേത്രസന്ദര്‍ശനത്തിനെത്തുന്ന കവടിയാര്‍ കൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകരും രാജകുടുംബാംഗമായ ആദിത്യ വര്‍മ്മയുടെ അടുപ്പക്കാരുമായ ഗണപതി വി. അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടുകാല്‍ ഷൈജു, പദ്മേഷ് പരശുരാമന്‍, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവര്‍ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തില്‍ കയറിയിറങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനമാനങ്ങള്‍ നോക്കാതെ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവരെയും കര്‍ശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമേ ക്ഷേത്രത്തില്‍ ശ്രീ കോവില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്ത സ്വര്‍ണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഒരു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല. ക്ഷേത്ര ജീവനക്കാരും സ്വര്‍ണപ്പണിക്കാരും ഉള്‍പ്പെടെ 8 പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും ഫോര്‍ട്ട് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

 

ഡി ജി പിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കല്‍ ഷൈജു, പദ്മേഷ് പരശുരാമന്‍, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ സുരക്ഷാ സ്‌ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനമാനങ്ങള്‍ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.