Spread the love

തമിഴ്‌നാട്ടില്‍ സിനിമാ സ്റ്റെല്‍, ഭൂരിപക്ഷം തെളിയിക്കല്‍ കടമ്പ,വിജയ്‌യുടെ ഇസഡ് പ്ലസ് സുരക്ഷയും പിന്‍വലിച്ചു

ചെന്നൈ: പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് വിജയ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍. ഭൂരിപക്ഷം തെളിയിക്കാനുളള അംഗസംഖ്യ തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതോടെ വിജയ് വെട്ടിലായി. 107 സീറ്റുളള ടിവികെയ്ക്ക് കോണ്‍്ഗ്രസ് പിന്തുണ ലഭിച്ചുവെങ്കിലും ഇനിയും ഭൂരിപക്ഷസംഖ്യ ആയില്ല. ഇതിനിടെ ഡിഎംകെ എഐഡിഎംകെ ഭരണ സഖ്യത്തിനുളള ശ്രമം നടന്നുവെങ്കിലും ഡിഎംകെ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.ജനവിധി പ്രതിപക്ഷത്തിരിക്കാനാണെന്നാണ് ഡിഎംകെ പറയുന്നത്.ഇതോടെ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ രൂപീകരണം നീളുമെന്ന് ഉറപ്പായി.

തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് വിജയ് മന്ത്രിസഭ രൂപീകരിക്കാന്‍ അനുവാദം തേടിയെങ്കിലും ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇതിനിടെ വിജയ്ക്ക് അനുവദിച്ചിരുന്ന സുരക്ഷാ വാഹനവ്യൂഹം പൊലീസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ പിന്‍വലിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്ക് നല്‍കുന്ന ഇസഡ് – പ്‌ളസ് സുരക്ഷയാണ് വിജയ്ക്ക് നല്‍കിയിരുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ്യുടെ വസതിയിലും പാര്‍ട്ടി ഓഫീസിലും പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആരാധകരുടെയും തിരക്ക് നിയന്ത്രിക്കാനാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

വിജയ്യുടെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ചു. സംസ്ഥാന പൊലീസിന്റെ സെക്യൂരിറ്റി ബ്രാഞ്ച് സിഐഡിയിലെ ഒരു ഡസനിലധികം സായുധ കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഒരു ആക്സസ് കണ്‍ട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരോട് കൂടി ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നീടിവയെല്ലാം പിന്‍വലിക്കുകയായിരുന്നു.

അതേസമയം, ടിവികെയുടെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ പിന്‍വലിച്ചതെന്ന് പൊലീസ് അറിയിച്ചു. അവര്‍ക്ക് സുരക്ഷാ വാഹനവ്യൂഹവും സുരക്ഷാ പ്രോട്ടോക്കോളുകളും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിജയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ‘വൈ’ സ്‌കെയില്‍ സുരക്ഷ തുടരും. യാത്രയിലും താമസ സ്ഥലത്തും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെ സായുധ ഗാര്‍ഡുകള്‍ അദ്ദേഹത്തിന് സുരക്ഷ നല്‍കുന്നു. യാത്രാവേളകളിലും പൊതുയോഗങ്ങളിലും ലോക്കല്‍ പൊലീസും ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്