Spread the love

കോട്ടയം : അമിബീക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു പേര്‍ മരിച്ചതോടെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യപ്രവര്‍ത്തകര്‍. മലിനജലം കുടിക്കുകയും കുളിക്കുകകയും ചെയ്യുമ്പോഴാണ് രോഗബാധയ്ക്കു സാധ്യത. കഠിനമായ തലവേദനയും പനിയുമാണ് ലക്ഷണങ്ങള്‍. ആലപ്പുഴ ജില്ലക്കാരാണ് മരിച്ച രണ്ടുപേരും.

ആലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യമോള്‍ (26) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാവേലിക്കര പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ കരാര്‍ ജീവനക്കാരന്‍ തഴക്കര വഴുവാടി കളീക്കല്‍ വടക്കതില്‍ ബിനു വര്‍ഗീസ് (55) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്.ബാംഗ്‌ളൂരില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ആര്യ വിദേശത്തു പോകാന്‍ 2 മാസം മുന്‍പാണു ജോലി രാജിവച്ചു നാട്ടിലെത്തിയത്. ഒരു മാസം മുന്‍പു വിട്ടുമാറാത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ബ്രെയിന്‍ ഫീവറാണെന്ന് മനസിലാക്കി. ചികിത്സ തുടര്‍ന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ബുധനാഴ്ച രാത്രി തലവേദനയെ തുടര്‍ന്നാണ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ബിനു വര്‍ഗീസ് ചികിത്സ തേടിയത്. രക്തസമ്മര്‍ദമാണു കാരണമെന്നു കരുതി മരുന്നുകള്‍ നല്‍കിയിട്ടും തലവേദന കുറഞ്ഞില്ല. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ചയാണു രോഗം സ്ഥിരീകരിച്ചത്. ഭാര്യ: കുളനട വാലില്‍ മേരി ബിനു. മക്കള്‍: ഫേബ മറിയം ബിനു, ഹേബ മറിയം ബിനു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 5 പേര്‍ തിരുവനന്തപുരത്ത് ചികിത്സയിലുണ്ട്.