കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തില്‍ പ്രതിയായ അധ്യാപകന് ഡോക്ടര്‍ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍.
നിറത്തിന്റേയും ശരീര പ്രകൃതിയുടേയും ജാതിയുടേയും പേരിൽ അധിക്ഷേപിക്കാറുണ്ട്. ഇതുവരെ പേടിച്ചിട്ടാണ് പ്രതികരിക്കാതിരുന്നത്. പരീക്ഷാ ചുമതലയുള്ളവരായി വരുന്നത് തന്റെ സുഹൃത്തുക്കളായിരിക്കും എന്നും പരീക്ഷയ്ക്ക് തോൽപ്പിക്കാൻ സാധിക്കുമെന്നും റാം ഭീഷണിപ്പെടുത്താറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പലതവണ പരാതി എഴുതി നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ രക്ഷിതാക്കളോട് വിദ്യാർഥികളെക്കുറിച്ച് മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും. വൈവ പൂർത്തിയാക്കില്ല എന്നു ഭീഷണിപ്പെടുത്തും.
അതേസമയം പലപ്പോഴും പല കുട്ടികളേയും പരീക്ഷ എഴുതിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പെൺകുട്ടികൾ റാമിനെതിരെ പരാതി നൽകിയപ്പോൾ ആൺകുട്ടികളെ വിട്ട് അടിപ്പിച്ചു. ഒരു വർഷം മുൻപ് റാമിനെതിരെ വിദ്യാർഥികൾ കോളജ് ഡീനിന് പരാതി നൽകിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂണിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകി. അതിനെത്തുടർന്ന് രണ്ട് മാസം സസ്പെൻഡ് ചെയ്തു.
ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ്, തിന്, യൂ ലുക്ക് സോ തിന്…ആര് യൂ എ കാന്‍സര്‍ പേഷ്യന്റ് എന്നുവരെ ഒരു കുട്ടിയോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടുത്തിയാണ് പരാതി കൊടുത്തത്. എല്ലാവരെയും അധിക്ഷേപിക്കും. കോളേജില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ റാമിനെതിരെ സംസാരിക്കുന്നത്. അത് നിതിന്‍ ആണ്. താന്‍ തന്റെ പണി നോക്കി പോടോ എന്ന് നിതിന്‍ പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.

