Spread the love

 

ഇന്ന് തദ്ദേശത്തില്‍ സത്യപ്രതിജ്ഞ. ഭരണസമിതിയുടെ സാരഥികളെ പിന്നെ നിശ്ചയിക്കും. പാലായില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണയോടെ യുഡിഎഫ് സാധ്യത

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികള്‍ ഇന്ന് ചുമതലയേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍ അധികാരമേല്‍ക്കും. പിന്നീടാണ് ഭരണ സമിതി യോഗം. ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന അധ്യക്ഷന്മാരെ പിന്നീട് തീരുമാനിക്കും.

ഓരോ തദ്ദേശസ്ഥാപനത്തിലും തിരഞ്ഞെടുക്കപ്പെട്ടവരിലെ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ കോട്ടയം ഉള്‍പ്പടെ യുഡിഎഫ് ഭരണം പിടിച്ച നഗരസഭകളില്‍ അധ്യക്ഷന്മാരെ തീരുമാനിക്കാനുളള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായി. കോട്ടയത്ത് കെ.എം മാണിയുടെ തട്ടകമായ പാലായിലാണ് കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇവിടെ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാനാണ് നീക്കം.

പാലാ, ഈരാറ്റുപേട്ട, ചങ്ങനാശേരി നഗരസഭകളിലെ അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നതിന് ഇന്നലെ കോട്ടയത്ത് യോഗം ചേര്‍ന്നു. ആളെ പ്രഖ്യാപിച്ചിട്ടില്ല. പാലായില്‍ സ്വതന്ത്രരായി മത്സരിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ ബിനു പുളിക്കക്കണ്ടത്തിലിന്റെ മകള്‍ ദിയയ്ക്കു അധ്യക്ഷസ്ഥാനം നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

തുടര്‍വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് റിബലായി വിജയിച്ച മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു, സിജി ടോണി എന്നിവരെ പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. അതേ സമയം പഴനി ദര്‍ശനം കഴിഞ്ഞ് എത്തിയ പുളിക്കകണ്ടം കുടുംബാംഗങ്ങള്‍ ഇന്ന് ജനങ്ങളുടെ അഭിപ്രായം ആരായാനായി യോഗം വിളിച്ചിട്ടുണ്ട്.