Spread the love

കോട്ടയം : തീര്‍ത്ഥാടന കേന്ദ്രങ്ങളെ പോലും കൊള്ളയടിക്കുന്നവരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും തെലങ്കാന ന്യൂനപക്ഷക്ഷേമ മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീന്‍. യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുതുപ്പള്ളിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപഷം ഇത്രയേറെ സ്വര്‍ണ്ണം ശബരിമലയില്‍ നിന്നു കവര്‍ന്നിട്ടും ബിജെപി സര്‍ക്കാര്‍ യാതൊന്നും സംസാരിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ ഇവര്‍ തമ്മില്‍ പരസ്പരധാരണയിലാണ്. യുഡിഎഫിനു മാത്രമാണ് നാടിന്റെ വികസനത്തെ കുറിച്ചു വീക്ഷണമുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. പോസ്റ്ററും ഫ്‌ളക്‌സും വേണ്ടെന്ന ചാണ്ടി ഉമ്മന്റെ തീരുമാനത്തോടു പരിപൂര്‍ണ്ണമായി യോജിക്കുന്നു. പ്രചരണത്തിനു വേണ്ടി പാഴാക്കുന്ന പണം കൊണ്ട് സാധാരണക്കാര്‍ക്കു വീടുവച്ചു നല്‍കുന്ന പദ്ധതി മാതൃകാപരമാണ്. നാല്‍പതിലേറെ വീടുകള്‍ വച്ചു നല്‍കി. ഇനിയും ഇരുന്നൂറു വീടുകള്‍ വയ്ക്കുമെന്നു പറയുന്നു. ആവശ്യപ്പെട്ടാല്‍ ഈ പദ്ധതിയില്‍ ചാണ്ടി ഉമ്മനു വേണ്ട എല്ലാ സഹായവും നല്‍കാന്‍ തയാറാണ്. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് ഇന്നും വലിയ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ രക്തമായ ചാണ്ടി ഉമ്മനും അതിനു സാധിക്കുമെന്നും അദ്ദേഹം ആശംസിച്ചു. വെട്ടത്തുകവലയിലെ ക്രിക്കറ്റ് ടറഫ് അസ്ഹറുദ്ദീനും ചാണ്ടി ഉമ്മനും ക്രിക്കറ്റ് കളിച്ച് ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി കവലയില്‍ നിന്ന് മഹിളാ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടിക്കു ശേഷം സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം അദ്ദേഹം സൈക്കിള്‍ ചവുട്ടി. കര്‍ണ്ണാടക എംഎല്‍എ അജയ് ധരം സിംഗ്, കെപിസിസി ജന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ുമായ ജോഷി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം
പുതുപ്പള്ളി പള്ളിയിലെ ഉ്മ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ചശേഷമാണ് അസറുദ്ദീന്‍ ചടങ്ങിനെത്തിയത്. തുടര്‍ന്ന് കൂരോപ്പടയില്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനം കണ്ണന്‍കുന്നില്‍ രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ടിക്കാറാം മീന ജൂലി ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചാണ്ടി ഉമ്മനെ പോലെ ഉത്സാഹികളും കര്‍മ്മനിരതരുമായ യുവാക്കള്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. 14 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കൂരോപ്പട കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം കര്‍ണ്ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.