Spread the love

ബെംഗളൂരു: പ്രൊഫസറുമായി ബന്ധമുണ്ടെന്ന് സഹപാഠികൾ അപവാദം പ്രചരിപ്പിച്ചതിനെ തുടർന്ന് മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടക മല്ലദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിലെ ബിഎഎംഎസ് അവസാന വർഷ വിദ്യാർത്ഥിനിയായ നിഖിതയാണ് മരിച്ചത്.

ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

.നിഖിതയുടെ പിതാവ് ഉമാശങ്കർ നൽകിയ പരാതിയിൽ സഹപാഠികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

നിഖിതയ്ക്ക് കോളേജിലെ പ്രൊഫസറായ ഡോ. രാജുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ സൗഹൃദത്തെക്കുറിച്ച് സഹപാഠികൾ മോശമായ കരുതുകയും ഇരുവരെയും വെച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിഖിതയെ സഹപാഠികളുടെ ഈ പെരുമാറ്റം മാനസികമായി തകർത്തിരുന്നു. ഇക്കാര്യം നിഖിത വീട്ടിൽ അറിയിച്ചിരുന്നെങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വീട്ടുകാർ ഉപദേശിച്ചത്.

പരിഹാസങ്ങളും മാനസിക സംഘർഷവും സഹിക്കാനാവാതെ വന്നതോടെ ബുധനാഴ്ച നിഖിത ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഉമാശങ്കർ പോലീസിനോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)