ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും ഉന്നത അറസ്റ്റ് ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്‌മകുമാർ അദ്ധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു.
വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും മുൻകൂർ ജാമ്യപേക്ഷ പിൻവലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. പത്‌മകുമാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ പി ശങ്കരദാസ്, എൻ വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഹെെക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമായിരുന്നു പത്മകുമാറിന്റെ മൊഴി.
.

