പശ്ചിമേഷ്യയിൽ ഇറാൻ യുദ്ധം ശക്തമായി തുടരുന്നതിനിടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികൾ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഡൽഹിയിൽ 195.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 218 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
മാർച്ച് ഒന്നിന് സിലിണ്ടർ ഒന്നിന് 114.5 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വലിയ തുക കൂട്ടിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കും.
അതേസമയം, ഗാർഹിക ഉപഭോക്താക്കളെ തൽക്കാലം വിലവർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ദേശീയ തലസ്ഥാനത്ത് ഇതിന് 913 രൂപയാണ് വില. മാർച്ച് ഏഴിന് ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർദ്ധിപ്പിച്ചിരുന്നു.

