കോട്ടയം : വിശുദ്ധ വാരത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ പ്രതികരിക്കാൻ ആവാതെ കോട്ടയത്തെ ബിജെപി സ്ഥാനാർഥികൾ. പ്രത്യേകിച്ചും ക്രൈസ്തവ ഭൂരിപക്ഷം ഉള്ള കാഞ്ഞിരപ്പള്ളി പാലാ പൂഞ്ഞാർ മണ്ഡലങ്ങളിൽ കേന്ദ്രസർക്കാരിൻറെ തീരുമാനത്തിനെതിരെ ക്രൈസ്തവ സഭകളുംരാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു. ഇത് ഗൗരവമുള്ള വിഷയമായി ഇതിനകം തന്നെ ചർച്ചയായിട്ടുമുണ്ട്.
ക്രൈസ്തവ മേഖലകളിൽ സാന്നിധ്യം അറിയിക്കാൻ ബിജെപി പെടാപ്പാട് പണിയുമ്പോഴാണ് കൂനിന്മേൽ കുരു എന്നപോലെ ഈ തീരുമാനം. ദേശീയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെ ഇ ഇ രണ്ടാംഘട്ട പരീക്ഷയാണ് പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലായി നടത്തുന്നത്.
ഇതിനു മുൻപും പിൻപും സൗകര്യപ്രദമായ തീയതികൾ ഉണ്ടായിട്ടും വിശുദ്ധ വാരം തന്നെ പരീക്ഷകൾക്ക് തിരഞ്ഞെടുത്തത് പ്രതിഷേധാർഹമാണെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്ത് പോലും ഈ രീതിയിൽ പരീക്ഷ ക്രമീകരിച്ചത് ക്രൈസ്തവ സമുദായ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി ജോർജ് കുര്യനോ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിനോ പിസി ജോർജിനോ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കഴിയുന്നില്ല. അതേസമയം പൊതുസമൂഹത്തിൽ നിന്നും തുടർച്ചയായി ചോദ്യങ്ങൾ ഉയരുകയും ചെയ്യുന്നു. ഗൃഹസമ്പർക്ക സദസ്സുകളിൽ ആശങ്ക പ്രകടിപ്പിക്കപ്പെടുമ്പോൾ സ്ഥാനാർത്ഥികൾ ഉപായത്തിൽ അഭിപ്രായം പറഞ്ഞു പിന്മാറുകയാണ് പതിവ്. തീയതികൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

