Spread the love

ശബരിമല കൊടിമര പുനര്‍നിര്‍മാണം: മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്

തിരുവനന്തപുരം : ശബരിമലയിലെ `കൊടിമരം പുനര്‍നിര്‍മിച്ച കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി എടുത്തു. വിജിലന്‍സ് പ്രത്യേക സംഘമാണ് ഇരുവരെയും കണ്ട് കാര്യങ്ങള്‍ തിരക്കിയത്. സ്വര്‍ണം ഇവര്‍ സംഭാവന നല്‍കിയിരുന്നു.

സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞുവത്രെ. തിരുവനന്തപുരത്തെ ജുവലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തിരുവനന്തപുരത്തെത്തിയാണ് മോഹന്‍ലാല്‍ മൊഴി നല്‍കിയത്. ദിലീപിന്റെ മൊഴി കൊച്ചിയിലും രേഖപ്പെടുത്തി. ദിലീപ് നല്‍കിയ സ്വര്‍ണത്തെക്കുറിച്ചുള്ള കണക്കുകള്‍ വ്യക്തമല്ല.

നേരത്തെ കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയ സംവിധായകന്‍മാരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരുടെ മൊഴിയും ശേഖരിച്ചിരുന്നു.സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.2017 ല്‍ നടന്ന കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വര്‍ണം സ്വീകരിച്ചതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.