ഹൈദരാബാദ്∙ ബിരുദ വിദ്യാർഥിനിയും പാർട്ട് ടൈം യൂട്യൂബറുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.ബോനു കൊമാലിയെ (21) ആണ് ഹൈദരാബാദില്‍ വാടകയ്ക്കു താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്കു വൈകാരിക സന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊമാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ. ഐ ലവ് യു’ എന്നാണ് കൊമാലി അമ്മയ്ക്ക് സന്ദേശമയച്ചത്. വൈകാതെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കൾ കൊമാലിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കൾ അന്വേഷിച്ച് അപ്പാർട്ട്മെന്റിലെത്തുകയുമായിരുന്നു. അകത്തു നിന്നും പൂട്ടിയ വാതിൽ ചവിട്ടിത്തുറന്ന് കയറിപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലമാണ് കൊമാലി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു
വിശാഖപട്ടണം സ്വദേശിയായ കൊമാലി പഠനാവശ്യത്തിനായാണ് ഹൈദരാബാദിൽ എത്തിയത്. ഒരു വർഷത്തോളമായി ഒറ്റയ്ക്കാണ് താമസം. പഠനത്തോടൊപ്പം, പാർട്ട് ടൈം യൂട്യൂബറായി പ്രവർത്തിക്കുന്ന കൊമാലിയുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാണികളുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

