കോട്ടയം : മാധ്യമപ്രവർത്തകർക്ക് പട്ടിണി, മാർക്കറ്റിംഗ് വല്ലഭന്മാർക്ക് പറക്കാൻ എയർ ടിക്കറ്റ്. കേരളത്തിലെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും മാധ്യമപ്രവർത്തകർ രണ്ടാം കിടക്കാരാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ജനാധിപത്യത്തിൻറെ നാലാം തൂണ് എന്ന് എഴുതി പ്രബോധിപ്പിക്കുന്ന മാധ്യമങ്ങളാണ് മാധ്യമപ്രവർത്തകരെ തീർത്തും അവഗണിക്കുന്നത്.
സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളെ വളച്ചൊടിക്കാതെയും ആത്മാംശം ചോരാതെയും ജനങ്ങളിൽ എത്തിക്കുന്ന ധർമ്മമാണ് ജനാധിപത്യ രാജ്യങ്ങളിൽ മാധ്യമങ്ങൾ നിർവഹിക്കുന്നത്. ഒരു പരിധിവരെ ജനാധിപത്യത്തിലെ പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ ഈ ഇടപെടലുകൾ സഹായിക്കുന്നുമുണ്ട്.
പക്ഷേ കേരളത്തിലെ രണ്ടു ദിനപത്രങ്ങളിൽ ഇന്ന് വേതനത്തിനായി മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ട അവസ്ഥയിലാണ്. വഴിത്തിരിവ് പത്രം എന്ന ഉദ്ഘോഷിക്കപ്പെട്ട മാധ്യമത്തിന്റെ കോഴിക്കോട് ഓഫീസിനു മുന്നിൽ കേരള പത്രപ്രവർത്തക യൂണിയൻ ഉപവാസ സമരം തന്നെ നടത്തി. സമരത്തിൻറെ പ്രത്യാഘാതം പിറ്റേന്ന് തന്നെ കണ്ടു. സമരം ചെയ്തവരെയെല്ലാം പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി. മനുഷ്യാവകാശത്തിനും മാനവികതയ് ക്കുമായി എഴുതി മത്സരിക്കുന്ന പത്രങ്ങളിലാണ് ഇത് സംഭവിക്കുന്നതാണ് പ്രത്യേകത.
മാധ്യമത്തിൽ ആറുമാസത്തോളമായി മാധ്യമപ്രവർത്തകർക്ക് ശമ്പളമില്ല. മംഗളത്തിലും സമാനസ്ഥിതിയാണ്. മംഗളത്തിന് മുമ്പിൽ സമരം നടത്താൻ പത്രപ്രവർത്തക യൂണിയൻ തീരുമാനിച്ചുവെങ്കിലും മാനേജ്മെൻറ് അല്പം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടുകൂടി തൽക്കാലം പിന്നോട്ട് പോവുകയായിരുന്നു. എന്നാൽ മാധ്യമം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടർന്നാണ് വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെ 24 മണിക്കൂർ സമരത്തിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്തവരുടെ എല്ലാം വിഷ്വൽ ശേഖരിച്ച് കൂട്ടത്തോടെ സ്ഥലം മാറ്റുന്ന നടപടിയാണ് തുടർന്ന് മാനേജ്മെൻറ് സ്വീകരിച്ചത്. മംഗളത്തിൽ സമാശ്വാസമായി ഒരു മാസത്തെ ശമ്പളം നൽകാമെന്നാണ് മാനേജ്മെൻറ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതൊരു താൽക്കാലിക സംവിധാനം എന്ന നിലയിൽ മാത്രമാണ് പത്രപ്രവർത്തകർ കാണുന്നത്.
മാധ്യമപ്രവർത്തകരെ രണ്ടാംതരം പൗരന്മാരായി കാണുമ്പോഴും മാനേജ്മെന്റ് മാർക്കറ്റിംഗ് രംഗത്തെ പ്രമുഖർക്ക് മാനേജ്മെൻറ് മുന്തിയ പരിഗണനയാണ് നൽകുന്നത് ആക്ഷേപമുണ്ട്. മാധ്യമപ്രവർത്തകർ പട്ടിണി സമരം നടത്തുമ്പോഴും സ്ഥാപനത്തിലെ ഒരു വിഭാഗത്തിന് പാർട്ടിയും റിസോർട്ട് വാസവും വിദേശ പര്യടനവും ഒരുക്കി പരിപോഷിപ്പിക്കുകയാണ്. കോട്ടയത്തെ ഒരു പ്രമുഖ പത്രം വിദേശയാത്രയാണ് കഴിഞ്ഞമാസം അറേഞ്ച് ചെയ്തത്.
ജീവനക്കാരുടെ സമ്പാദ്യമായ നാലു കോടിയും വക മാറ്റി

അതേസമയം കോവിഡ് കാലത്ത് മാധ്യമത്തിലെ മാധ്യമപ്രവർത്തകരിൽ നിന്നും പിടിച്ച കോടിക്കണക്കിന് രൂപ പോലും മാനേജ്മെൻറ് ചെലവഴിച്ചു എന്ന ആരോപണമാണ് ഏറ്റവും പുതിയതായി ഉയർന്നിട്ടുള്ളത്. ജീവനക്കാർ കഞ്ഞിയിൽ മണ്ണുവാരി ഇടുന്ന ഈ പ്രവണതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
ജീവനക്കാരുടെ സമ്പാദ്യമായ സ്റ്റാഫ് വെൽഫെയർ ഫണ്ടിലെ 4 കോടി മാനേജ്മെന്റ് വകമാറ്റി എന്നാണ് പരാതി.
ഇത്തരമൊരു ഫണ്ട് രൂപീകരണ വേളയിൽ ജീവനക്കാരുടേതായ അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിക്കുന്നത് അല്ലേ നല്ലതെന്ന് ചോദ്യം ഉയർന്നിരുന്നു. പക്ഷേ അന്നത്തെ ചെയർമാൻ അന്നേ വിശ്വാസമില്ലേ എന്നു മറുചോദ്യമുയർത്തിയതോടെ മാധ്യമപ്രവർത്തകർ പണം കമ്പനി അക്കൗണ്ടിൽ തന്നെ കിടന്നോട്ടെ എന്ന നിലപാടെടുക്കുകയായിരുന്നു. പക്ഷേ ആ പണവും വക മാറ്റി
എച്ച് ആർ അനുനയ ഭീഷണി മറ്റു പത്രങ്ങളിലും
അന്യായ പിരിച്ചുവിടലും പിരിഞ്ഞു പോകാൻ HR വിഭാഗത്തെ കൊണ്ട് അനുനയ ഭീഷണിപ്പെടുത്തലും ഫലപ്രമുഖദിന പത്രങ്ങളിലും ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഒരു ദിനപത്രത്തിന്റെ ഓഫീസിൽ ചില മാധ്യമപ്രവർത്തകരോട്സ്വയം പിരിഞ്ഞു പോകണമെന്ന സന്ദേശം എച്ച് ആർ നൽകി കഴിഞ്ഞു. രാജിവെച്ചു പോയാൽ മാന്യമായ പ്രതിഫലം നൽകാമെന്നാണ് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ ഈ നടപടിയിൽ പകച്ചിരിക്കുകയാണ് പലരും
പകപോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കെ.യു.ഡബ്ലു.ജെ
അതിനിടെ ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെന്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആരോപിച്ചു.
അഞ്ച് മാസമായ ശമ്പള കുടിശ്ശികയ്ക്കായി പത്ര ഉൽപാദനത്തെ ബാധിക്കാതെ സഹന പ്രതിഷേധം നടത്തുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത്. ശമ്പളം കിട്ടാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യർക്ക് മേൽ അധിക ഭാരവും മാനസിക സമ്മർദങ്ങളും അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദ്രോഹ സ്ഥലമാറ്റം പാടില്ലെന്ന സർക്കാർ നിർദേശത്തിന് പുല്ലുവില കൽപ്പിച്ചാണ് ഈ നടപടിയെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമം ആസ്ഥാനത്തിന് മുന്നിൽ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും സാംസ്കാരിക, മാധ്യമ ലോകത്ത് നിന്നും വ്യാപക പിന്തുണ ലഭിച്ച പശ്ചാത്തലത്തിൽ സമരം കഴിഞ്ഞു മണിക്കൂറുകൾക്കകം അതിന് മുന്നിൽ നിന്നവരെ അടക്കം വിദൂരങ്ങളിലേക്ക് മാറ്റിയത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
തൊഴിൽ അന്തരീക്ഷം കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നതിന് പകരം തൊഴിലാളികളെ ഉൾക്കൊണ്ട് വിട്ടുവീഴ്ചയുടെ പാത സ്വീകരിക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

