വൈക്കത്ത് സി.കെ ആശയ്ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ബിനിമോൻ?
കോട്ടയം: യുഡിഎഫിന് ബാലികേറാമലയായ വൈക്കത്ത് ഇക്കുറി ആരു സ്ഥാനാര്‍ഥിയാവും. ഇടതുമുന്നണി സിറ്റിംഗ് എംഎല്‍എ സിപിഎയിലെ സി.കെ ആശയെ തന്നെയാണ് പ്രധാനമായും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാട്ടില് ഇത്തവണ ഒരു പരീക്ഷണത്തിന് ഇല്ലെന്നാണ് പാര്‍ട്ടിയുടെ സമീപനം. അങ്ങനെയെങ്കില്‍ മൂന്നാം ടേമിലും മത്സരിക്കാന്‍ അവസരം ലഭിക്കുന്ന എംഎല്‍എമാരില്‍ ഒരാളായി ആശ മാറും. സാധാരണ രണ്ടു ടേമില്‍ കൂടുതല്‍ പാര്‍ട്ടി അനുവദിക്കാറില്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാം.
2021 ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയുടെ മുന്‍ അധ്യക്ഷകൂടിയായ മഹിളാ കോണ്‍ഗ്രസ് നേതാവ് ഡോ. പി.ആര് സോനയെ 29000 ലധികം വോട്ടുകള്‍ക്കു തോല്‍പ്പിച്ചാണ് സിപിഐയുടെ തട്ടകമായ വൈക്കത്ത് ആശ രണ്ടാം വിജയം നേടിയത്. 2016 ലെ കന്നിയങ്കത്തില്‍ അഡ്വ. സനീഷ് കുമാറിനെയാണ് ആശ പരാജയപ്പെടുത്തിയത്.
എന്നാല്‍ ഇത്തവണ ശക്തമായ മത്സരത്തിലാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈക്കത്തു നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാട്ടുകാരിയല്ല എന്ന പ്രചാരണം സോനയുടെ പരാജയത്തിന് ആക്കം കൂട്ടിയതായി കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് നാട്ടുകാരായ സ്ഥാനാര്‍ഥികളിലേക്ക് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. തലയാഴം പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനകീയനുമായ കെ. ബിനിമോനാണ് സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകള്‍ ഉയര്‍ത്തികാട്ടുന്ന സ്ഥാനാര്‍ഥി. വൈക്കത്തിന്റെ സ്ഥാനാര്‍ഥി എന്ന നിലയില്‍ പല സോഷ്യല്‍ മീഡിയ വേദികളിലും ബിനിമോനായുളള പ്രചാരണവും ശക്തമാണ്. കൊതവറ നോര്‍ത്ത് പഞ്ചായത്ത് അംഗമായ ബിനിമോന് വൈക്കത്ത് അറിയപ്പെടുന്ന നേതാവാണ്. കൂടാതെ വൈക്കത്തിന്റെ ടിവി പുരം കായലോര മേഖലകളില്‍ ബിനിമോന് നല്ല പ്രകടന കാഴ്ച്ചവയ്ക്കാനുമെന്ന് പാര്‍ട്ടി കരുതുന്നു. .
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ ബിനിമോന് നടത്തിയ പോരാട്ടവും യുഡിഎഫ് കണക്കിലെടുക്കുന്നു. ഇവിടെ സിപിഐയുടെ കുത്തക ഡിവിഷനില്‍ ഭൂരിപക്ഷം 3800 വോട്ടുകളിലേക്ക് പിടിച്ചു നിര്‍ത്താന്‍ ബിനിമോനു കഴിഞ്ഞത് വ്യക്തിപ്രഭാവം കൊണ്ടാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൂടാതെ വൈക്കത്തിന്റെ വികസന പിന്നോക്കാവസ്ഥയും യുഡിഎഫ് പ്രചാരണത്തിന് ലക്ഷ്യം വയ്ക്കുന്നു.
വൈക്കത്തെ 9 പഞ്ചായത്തുകളില്‍ ആറും ഇടതു ഭരണത്തിലാണ്. വൈക്കം നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലുമാണ് യുഡിഎഫ് ഭരണം. എന്നാല്‍ സിപിഎം കുത്തകയായിരുന്ന വെള്ളൂര്‍ ജി്ല്ലാ പഞ്ചായത്ത് യുഡിഎഫ് നേടി.

