Spread the love

പൊതുബജറ്റില്‍ കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടി രൂപ.

പൊതുവിദ്യാഭ്യാസത്തിന് 1128 കോടി രൂപ നീക്കിവെച്ചു.

ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് ആയിരം രൂപ വര്‍ധിപ്പിച്ചു.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ.

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും.

ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മെഡിസെപ് മാതൃകയില്‍ പുതിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.

റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത ആശുപത്രികളിലുമാണ് സൗജന്യ ചികിത്സ ഉറപ്പാക്കുക.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടമായ മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കും.

എംസി റോഡ് ആദ്യ ഘട്ട വികസനത്തിന് 5217 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവെയ്ക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട റാപ്പിഡ് റെയിലിന്റെ നിര്‍മ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിര്‍മ്മിക്കും. തൃശൂര്‍ കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തില്‍. മൂന്നാം ഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ പാളം ഇടും. നാലാം ഘട്ടത്തില്‍ ഇത് കാസര്‍കോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തി.

അന്തരിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരത്ത് വി എസ് സെന്റര്‍ സ്ഥാപിക്കും

വയോജന സംരക്ഷണത്തിന് ഇത് എല്‍ഡേര്‍ലി ബജറ്റ് എന്ന് ധനമന്ത്രി

വയനാട് ദുരന്ത ബാധിതര്‍ക്ക് ആദ്യ ബാച്ച് വീട് അടുത്ത മാസം ആദ്യ വാരം നല്‍കും

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തനത് നികുതി, നികുതിയേതര വരുമാനത്തില്‍ വര്‍ധന ഉണ്ടായതായി കെ എന്‍ ബാലഗോപാല്‍. തനത് നികുതി, നികുതിയേതര വരുമാനമായി 1,52,645 കോടി രൂപ അഞ്ചുവര്‍ഷം കൊണ്ട് അധികമായി പിരിച്ചെടുക്കാന്‍ സാധിച്ചതായും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ ചേര്‍ന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തി. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. പ്രീ െ്രെപമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധന വരുത്തിയതായും കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആര്‍ആര്‍ടിഎസ് ആണ് വരുന്നത്. വേഗത്തില്‍ സംസ്ഥാനത്തെ കണ്‍ക്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ആര്‍ആര്‍ടിഎസും റെയില്‍വേയും തമ്മില്‍ ബന്ധമില്ല. ഇത് മെട്രോയിലും പോകും. ഡല്‍ഹി മീററ്റ് ആര്‍ആര്‍ടിഎസ് പോലെയാണ് ഇവിടെയും വരിക. കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന തിരുവനന്തപുരം മെട്രോയുടെയും പാളം ഉപയോഗിക്കും. ഇവിടെ പുതുതായി നിര്‍മ്മാണം വേണ്ടി വരില്ല.