കോഴിക്കോട്: പെൺസുഹൃത്തിനെ ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ കാമുകൻ തട്ടി മാറ്റുകയായിരുന്നു.
26 വയസ്സുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ നമ്മുക്ക് ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വർക്ക്ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
ആദ്യം ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സ്ഥലത്തെ സിസിടിവി പരിശോധിച്ച പൊലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈശാഖും യുവതിയും കസേരയിൽ കയറിനിന്ന് ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കുരുക്കിട്ടെന്നും, ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തി എന്നുമാണ് വൈശാഖൻ പൊലീസിനു നൽകിയ മൊഴി.
വൈശാഖനും യുവതിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ബന്ധത്തെ കുറിച്ച് യുവതി പുറത്തു പറയുമെന്ന് ഇയാൾ വലാതെ ഭയന്നിരുന്നു . തന്റെ ഭാര്യയും കുടുംബവും ഈ കാര്യം അറിയുമെന്ന് ഭയന്നാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വൈശാഖനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

