ആലപ്പുഴ : മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകുകയും സ്വയം കുടിക്കുകയും ചെയ്ത പിതാവ് മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവർ ആണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ടു വന്ന ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരുന്ന വഴി മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷമാണ് മക്കൾക്കു വിഷം കലർത്തിയ ജൂസ് നൽകിയത്. കൂടാതെ മനോജും ജൂസ് കഴിച്ചു. ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പിക്കളഞ്ഞിരുന്നു.
ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2– ാം ക്ലാസ് വിദ്യാർഥിനിയുമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

