ശബരിമലയില്‍ കൂടുതല്‍ ക്രമക്കേട്, വഴിപാടിലും പണമിടപാടിലും സംശയിച്ച് ഇഡി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ഇഡി ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കള്‍ കണ്ടുകെട്ടുക.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 21 കേന്ദ്രങ്ങളിലെ റെയ്ഡിനു പിന്നാലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ച് കഴിഞ്ഞു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് നൂറുഗ്രാമിന്റെ സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തു. ശ്രീകോവിലിന്റെ വാതിലിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് മനഃപൂര്‍വം രേഖപ്പെടുത്തി കടത്താന്‍ ഉപയോഗിച്ച മഹസറും നിരവധി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെയുള്ള രേഖകളും പിടിച്ചെടുത്തു.
ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളിയിലേതെന്ന് സംശയിക്കുന്നതാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണക്കട്ടി. പാളിയിലെ സ്വര്‍ണം രാസവസ്തുക്കള്‍ ഉപയോഗിച്ച് വേര്‍പെടുത്തി തട്ടിയെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചാണെന്നാണ് നിഗമനം.
2019 മുതല്‍ 2025 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ഔദ്യോഗിക ശുപാര്‍ശകളുടെ രേഖകള്‍, ഉത്തരവുകള്‍, കത്തിടപാടുകള്‍, ജുവലറികള്‍ക്ക് നല്കിയ പണമിടപാട് രസീതുകള്‍, സ്വര്‍ണം വീണ്ടും പൂശുന്നതിന് നല്കിയ വാറന്റി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. വന്‍തോതില്‍ വ്യാജരേഖകളും ഡിജിറ്റല്‍ തെളിവുകളും വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

