പിണറായി വിജയനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കേന്ദ്രമന്ത്രിക്ക് കേരള രാഷ്ട്രീയമറിയില്ലെന്ന് എം വി ഗോവിന്ദൻ
മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കണ്ണൂര്‍ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യ അധ്യക്ഷനുമായ ഡോ.രാംദാസ് അത്താവലെയുടെ പ്രതികരണം. വരുന്ന തെരഞ്ഞെടുപ്പില്‍ പിണറായി എന്‍ഡിഎക്കൊപ്പം നില്‍ക്കണം. സിപിഎമ്മും, സിപിഐയും എൻഡിഎയുടെ ഭാഗമാകണം എന്ന് ആവശ്യപ്പെടുകയാണ്. ഒപ്പം നിന്നാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അത്താവലെ പ്രതികരിച്ചു.
സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന മുദ്രവാക്യം. ലോക സാമ്പത്തിക ശക്തികളില്‍ ഇന്ന് ഭാരതം നാലാം സ്ഥാനത്തെത്തി. ഇത് നരേന്ദ്ര മോദിയുടെ വിശാലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണ്. ഭാരതത്തില്‍ സമസ്ത മേഖലയിലും നമുക്ക് വികസനം കാണാന്‍ സാധിക്കും. ദേശീയ പാതാ വികസനമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. വനിതാ സംവരണ ബില്‍ ഉള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും വികസനം സാധ്യമായില്ല. കേന്ദ്രം അനുവദിക്കുന്ന ഫണ്ട് കൃത്യമായി കേരളം ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തിലെത്തേണ്ടത് ആവശ്യമാണ്.
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടേത്. ഡോ. ബാബ സാഹേബ് അംബേദ്കറുടെ ആശയങ്ങളിലും ജീവിതത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ അധസ്ഥിതരുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫി ഇന്ത്യ അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലും സാന്നിധ്യമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷ ഡോ. നുസ്രത്ത് ജഹാന്‍, നാഷണല്‍ സെക്രട്ടറി ഡോ. രാജീവ് മേനോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അത്തേവാലക്ക് എംവി ഗോവിന്ദന്‍റെ മറുപടി
ഭരണത്തുടര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎയിലേക്ക് വരണമെന്ന കേന്ദ്രമന്തി അത്തേവാലക്ക് കേരളത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
കേന്ദ്ര സഹായം കിട്ടണമെങ്കില്‍ പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാകണമെന്ന കേന്ദ്രമന്ത്രിയുടെ ഭരണഘടനാ വിരുദ്ധമായ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരണം.
കേരളത്തിന് സഹായം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ തെറ്റാണെന്നും കേരളത്തിന് അവകാശപ്പെട്ടതാണ് കുടിശ്ശികയായി കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം നാട്ടുകാര്‍ക്ക് അറിയാം. ഓരോ ഇഞ്ചും പൊരുതിയിട്ടാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം വര്‍ഗീയതക്കെതിരെ മുന്നേറിയിട്ടുള്ളതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍എസ്‌എസ്, എസ്‌എന്‍ഡിപി ഐക്യം മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനതയും ഒന്നിച്ച് മതനിരപേക്ഷ ഉള്ളടക്കത്തോടെ മുന്നോട്ടുപോകണം എന്നതാണ് സിപിഎം നിലപാട്.
ഇതിലൂടെ കേരളം ലോകത്തിനാകെ മാതൃകയാകണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല, സജി ചെറിയാന്റെ ഖേദപ്രകടനം പാര്‍ട്ടി നിര്‍ദേശ പ്രകാരമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

