Spread the love

കൊച്ചി: യുവതിയെ മോഡലിങ്ങിന്റെ മറവില്‍ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പണം നല്‍കിയ ശേഷം ദുബൈയിലെ ഫ്‌ലാറ്റില്‍ എത്തിക്കുകയും മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി കുടിപ്പിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.

സംഭവത്തിൽ നിലവില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

” ദുബായിൽ തന്നെ കൊണ്ടുപോയി പറ്റിച്ചത് പണം വാങ്ങിയാണ്. ഡ്രിങ്ക്‌സിൽ ഒരു വെള്ളപ്പൊടി കലക്കിനൽകി ബലമായി കുടിപ്പിച്ച് ബോധംപോകുന്ന രീതിയിലാക്കി. ശേഷം അവരുടെ വേറെ ആൾക്കാരൊക്കെ അവിടെവന്ന് പോയി. തന്നെ ഒരുപാട് ശാരീരികമായി ഉപദ്രവിച്ചു. പച്ചവെള്ളത്തിൽവരെ അവർ ആ പൊടി കലക്കിതന്നു. എന്റെ വീട്ടിലേക്ക് വിളിച്ചിട്ട് മോശമായകാര്യങ്ങൾ പറഞ്ഞു.

ഞാൻ ഇവിടെ അനാശാസ്യത്തിലേർപ്പെടുകയാണെന്നും ഓരോ ആണുകൾ വന്നുപോകുകയാണെന്നുമെല്ലാം അവർ പറഞ്ഞു. എന്റെ വീട്ടുകാരോട് എന്നെ വീട്ടിൽനിന്ന് ഒഴിവാക്കണമെന്നാണ് പറഞ്ഞത്. കൂടാതെ നഗ്നദൃശ്യം പകർത്തി അയച്ചുനൽകി”, യുവതി വെളിപ്പെടുത്തി

അതേസമയം കേസില്‍ ഇതുവരെ സിന്ധു, അലീന, മഞ്ജിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.

അലീനയ്ക്ക് ഗുണ്ടാ ബന്ധങ്ങള്‍ ഉണ്ട്. അതിനാല്‍ ഗുണ്ടാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. റാക്കറ്റ് ഗുണ്ടകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അലിന അടക്കമുള്ളവര്‍ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റിലായത്.