പാലക്കാട്: പ്രാര്‍ത്ഥനകള്‍ വിഫലം. ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരന്‍ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21 മണിക്കൂര്‍ തിരച്ചിലിന് ഒടുവിലാണ് മൃത ദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനോട് പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിയ സുഹാനു വേണ്ടി അഗ്‌നി രക്ഷാ സേനയും നാട്ടുകാരും തെരച്ചില്‍ നടത്തി വരികയായിരുന്നു.
രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച സുഹാന്‍ വീട്ടിലെത്തി സഹോദരനൊപ്പം ടി.വി കാണുന്നതിനിടെ പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവ സമയത്ത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും വ്യാപക തിരച്ചിലിലായിരുന്നു.ചിറ്റൂര്‍ കറുകമണി, എരുംങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. സുഹാന്റെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്.

