പത്തില്‍ പിടിമുറുക്കി ജോസഫ്, ഏറ്റുമാനൂ്ര്‍ ചങ്ങനാശേരി ഇടുക്കി വിട്ടുകിട്ടിയേ മതിയാകൂ എന്ന് കോണ്‍ഗ്രസ്
കോട്ടയം: പത്തു ചോദിച്ച് കേരള കോണ്‍ഗ്രസ്.യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ ധാരണയായില്ല. കേരള കോണ്‍ഗ്രസിന്റെ സീറ്റു വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നേതാക്കള്‍. നാലു സീറ്റുകളിലാണ് കോണ്‍ഗ്രസിന് തര്‍ക്കം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂര്‍ ആലപ്പുഴയിലെ കുട്ടനാട്, കൂടാതെ ഇടുക്കി ഇതില്‍ മൂന്നു സീറ്റെങ്കിലും കോണ്‍ഗ്രസ് തിരിച്ചുകിട്ടണമെന്ന നിലപാടിലാണ്. പാര്‍ലമെന്റ് ഇലക്ഷനില്‍ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വി്ട്ടു നല്‍കിയത് അവര്‍ ചൂണ്ടികാട്ടുന്നു. ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയുടെ ഭാഗമാകുകയും കടുത്ത ആഭ്യന്തരപ്രതിസന്ധി ഉടലെടുക്കുകയും ചെയ്ത നാളുകളില്‍ കോണ്‍ഗ്രസ് സര്‍ വാത്മനാ സഹായിച്ചു. കൂടാതെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ സീറ്റായ കോട്ടയം ലോക്‌സഭാ സീറ്റ് വിട്ടു നല്‍കുകയും ചെയ്തു. ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും കോണ്‍ഗ്രസ് നിന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ഏറ്റുമാനൂരില്‍ നല്ല പ്രകടനത്തിന് കേരള കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുളള ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചാല്‍ യുഡിഎഫ് അനുകൂല മനോഭാവമുളളവര്‍ സിപിഎമ്മിനെ തഴഞ്ഞ് യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് അവര്‍ ചര്‍ച്ചകളില്‍ ചൂണ്ടികാട്ടി.
കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റും വേണമെന്നാണ് പി.ജെ.ജോസഫിന്റെ ആവശ്യം. കുട്ടനാട്, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ വിട്ടുനല്‍കണമെന്നു കോണ്‍ഗ്രസും. ഈ സീറ്റുകളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കുണ്ടെന്നാണു കോണ്‍ഗ്രസിന്റെ വാദം. വിജയസാധ്യതയാണ് പ്രശ്‌നമെങ്കില്‍ അക്കാര്യം പരിഗണിച്ചു മാത്രമേ സ്ഥാനാര്‍ഥികളെ തീരുമാനിക്കാവൂ എന്ന് കേരള കോണ്‍ഗ്രസ് തിരിച്ചു വാദിക്കുന്നു. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസില്‍നിന്നും ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ജയിച്ചില്ലല്ലോ എന്നും ചോദിക്കുന്നുണ്ട്.
10 സീറ്റും നല്‍കാന്‍ കഴിയില്ല എന്നതില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും അതിനാല്‍ ഇത്തവണ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ സര്‍വേ വിവരങ്ങളടക്കം പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആലോചിക്കാമെന്നാണു കേരള കോണ്‍ഗ്രസിന്റെ നിലപാട്. സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയാറല്ലാത്ത മണ്ഡലങ്ങളില്‍ വച്ചുമാറ്റത്തിനും സാധ്യതയുണ്ട്.
ഘടകകക്ഷി ചര്‍ച്ചകള്‍ എത്രയും വേഗം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ചെറിയ കക്ഷികളില്‍ പി.വി.അന്‍വറിന് ബേപ്പൂര്‍ വിട്ടുകൊടുക്കാന്‍ ധാരണയാകുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് തലസ്ഥാനത്തെത്തും. സംഘം 3 ദിവസം ഇവിടെയുണ്ടാകും. ലീഗുമായി വേഗത്തില്‍ ധാരണയിലാകാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം.

