കാസർകോട് : മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ അച്ഛന്റെ കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് പിന്നാലെ ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു.
വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജുമൈലയും ഉമ്മ താഹിറയും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്ക് അബ്ബയും പറഞ്ഞു.
തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി.

