തിരുപ്പതി: അഞ്ചുവയസ്സുകാരനായ മകന്റെ കണ്മുന്നിലിട്ട് അച്ഛനെ ഭാര്യയുടെ കാമുകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഒരുരാത്രി മുഴുവൻ അഞ്ചുവയസ്സുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു.
ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവമുണ്ടായത്. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.
എന്നാൽ തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ച് അന്നമയ്യ ജില്ലയിലെത്തിയ ഗാന്ധി നരസിംഹലുവിനെ നേരിൽ കാണുകയായിരുന്നു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗാന്ധിയെയും മകനെയും പ്രതികൾ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഗാന്ധിയെ മദ്യം നൽകി മയക്കിയ ശേഷം നരസിംഹലുവും രണ്ട് കൂട്ടാളികളും ചേർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ടായിരുന്നു പ്രതികൾ ഗാന്ധിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം കണ്ട് പേടിച്ചുപോയി കുട്ടി സമീപത്തെ കുറ്റിക്കാട്ടിലൊളിക്കുകയായിരുന്നു. പ്രതികൾ സ്ഥലത്തുനിന്ന് മടങ്ങിയതിന് പിന്നാലെയാണ് അഞ്ചുവയസ്സുകാരൻ കുറ്റിക്കാട്ടിൽനിന്ന് പുറത്തേക്ക് വന്നു പിതാവിന്റെ മൃതദേഹത്തിനരികെ ചിലവഴിച്ചു. പിറ്റേദിവസം രാവിലെ അഞ്ചുവയസ്സുകാരൻ കാട്ടിൽനിന്ന് പുറത്തിറങ്ങി സമീപത്തെ ഗ്രാമത്തിലെത്തി. തുടർന്ന് നാട്ടുകാരോട് പിതാവ് കൊല്ലപ്പെട്ട വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

