കൊച്ചി: മാതാപിതാക്കളെ അവസാനമായി ഒന്ന് കാണാതെ, ജോർജിയയിൽ കോമയിലായിരുന്ന സോണ(23) യാത്രയായി. ഇന്നലെ ഉച്ചയോടെയാണ് സോണ മരണത്തിന് കീഴടങ്ങിയത്. 5 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സോണയെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
മെഡിക്കൽ വിദ്യാർത്ഥിനിയായ സോണയ്ക്ക് ശക്തമായ തലവേദനയും പനിയും ബാധിച്ചതിനെ തുടർന്നാണ് ജോർജിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ് ജിജി ദമ്പതികളുടെ മകലാണ് സോണ.
ആശുപത്രിയിൽ എത്തിയപ്പോഴാണ് സമാന രോഗ ലക്ഷണങ്ങളോടെ ഈയടുത്ത് ആശുപത്രിയിൽ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നുവെന്ന് സോണ അറിയുന്നത്. അതോടെ താനും മരിക്കും എന്ന് അമ്മയോട് വിഷമത്തോടെ പറയുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി രണ്ടാമത്തെ ദിവസം തന്നെ സോണ കോമയിലാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം നാട്ടിൽ എത്തിച്ച് മികച്ച ചികിത്സ നൽകി മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ ഇതെല്ലാം വിഫലമാക്കി കൊണ്ടാണ് സോണ എന്നെന്നേയ്ക്കുമായി യാത്രയായത്.

