കൊച്ചി: മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നില്ക്കുന്ന നടനാണ് ഷിജു അബ്ദുല്‍ റഷീദ്. നായകനായി തിളങ്ങിയ കാലത്ത് അപ്രതീക്ഷിത ഇടവേളയെടുത്ത് നീയും ഞാനും എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേയ്ക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച നടന് ബിഗ്ബോസ് മലയാളം സീസണ് 5ല്‍ ഫോര്‍ത്ത് റണ്ണറപ്പും ആയിരുന്നു. പ്രണയ വിവാഹമായിരുന്നു ഷിജുവിന്റേയും പ്രീതിയുടേയും. ഒരു മകളാണ് ദമ്പതികള്‍ക്കുള്ളത്.
ഇപ്പോഴിതാ ഷിജു അബ്ദുൽ റഷീദ് വിവാഹമോചിതനായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഭാര്യ പ്രീതി പ്രേമുമായി താൻ വേർപിരിഞ്ഞ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഏറെക്കാലമായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് തങ്ങൾ രണ്ടുപേരും വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഷിജു പറഞ്ഞു. തങ്ങൾ നിയമപരമായി വേർപിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട് അനാവശ്യമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഷിജു അഭ്യർത്ഥിച്ചു.

