Spread the love

സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലും ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് നിയന്ത്രണത്തിന് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കെഎസ്‌ഇബിയുടെ വിശദീകരണം.

ഇന്നലെ രാത്രി ഏഴിനുശേഷം 15 മുതൽ 30 മിനിട്ടുവരെ പലയിടത്തും വൈദ്യുതി മുടങ്ങിയിരുന്നു. വിവിധ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് അധികൃതർ പറയുന്നു. സംസ്ഥാനങ്ങൾ ഗ്രിഡിൽനിന്ന് അനുവദിച്ചതിൽ കൂടുതൽ വൈദ്യുതി എടുക്കരുതെന്നും അനിവാര്യമെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്താനുമാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയിരിക്കുന്ന നിർദ്ദേശം. ദക്ഷിണേന്ത്യയിൽ മാത്രം 1.5 ജിഗാവാട്ടിന്റെ അധിക ഡിമാൻഡ് ഉണ്ടെന്നാണ് വിലയിരുത്തുന്നത്. മഴ കുറഞ്ഞതോടെ ചൂട് കൂടിയത് കേരളത്തിൽ വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.